ഇറാന്റെ മിസൈൽ പതിച്ച് കൊല്ലപ്പെട്ട ആ ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു; മരിച്ചത് തമിഴ്നാട് സ്വദേശിയായ സന്താന ശെൽവം; ആക്രമണം നടന്നത് കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ
കുവൈറ്റ്: കുവൈറ്റിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശി സന്താന ശെൽവം (40) ആണ് ശുഐബയിലെ ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായ ഇദ്ദേഹം ആക്രമണം നടക്കുന്ന സമയത്ത് രാത്രി ഡ്യൂട്ടിയിലായിരുന്നു.
ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജലശുദ്ധീകരണ കേന്ദ്രങ്ങളെയും വൈദ്യുതി പ്ലാന്റുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്ത് അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് പിന്തുണ നൽകുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും എംബസി ഇടപെടൽ തുടരുകയാണ്.
അതേസമയം, ബഹ്റൈനിലും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമങ്ങള്‍ ഉണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് രാത്രികാല കടല്‍യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ നീക്കങ്ങള്‍ ശക്തമാകുന്നത് ലക്ഷക്കണക്കിന് പ്രവാസികളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
സംഘര്‍ഷം രൂക്ഷമായ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യന്‍ എല്‍.പി.ജി ടാങ്കറുകള്‍ക്ക് ആശ്വാസമായി നാവികസേന രംഗത്തെത്തി. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളുടെ സുരക്ഷാ അകമ്പടിയോടെ രണ്ട് ടാങ്കറുകള്‍ കടലിടുക്ക് കടന്നു. 'BW TYR' നാളെ മുംബൈ തീരത്തും 'BW ELM' മറ്റന്നാള്‍ മംഗളൂരു തീരത്തും എത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മുസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. പൂഴ്ത്തിവെയ്പ്പ് തടയാന്‍ കര്‍ശന നടപടികളും റെയ്ഡുകളും തുടരുകയാണ്.
അമേരിക്ക ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി മുന്നറിയിപ്പ് നല്‍കി. 'പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യു.എസ് സൈനികര്‍ ഭക്ഷണമായിത്തീരും' എന്നായിരുന്നു സോള്‍ഫാഖാരിയുടെ പ്രകോപനപരമായ വീഡിയോ സന്ദേശം. 3500 സൈനികരുമായി യു.എസിന്റെ അത്യാധുനിക പടക്കപ്പല്‍ യു.എസ്.എസ് ട്രിപ്പോളി മധ്യപൂര്‍വ്വദേശത്ത് എത്തിയതിന് പിന്നാലെയാണിത്. പതിനായിരം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ അമേരിക്ക ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നയതന്ത്രത്തെക്കുറിച്ച് പുറമെ സംസാരിക്കുമ്പോഴും അമേരിക്ക രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക കേന്ദ്രമായ ഖോണ്‍ദാബ് കനജല പ്ലാന്റ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ നീക്കമാണിതെന്ന് ഇറാന്‍ വിശ്വസിക്കുന്നു.
