ഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് 'മരണച്ചുഴി'യാകും; യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്‍; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്‍
ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. 'മരണച്ചുഴി' എന്നാണ് ഇറാന്റെ ഉന്നത വൃത്തങ്ങള്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് നാവികരുമായി യുഎസ് കപ്പലായ യുഎസ്എസ് ട്രിപ്പോളി കഴിഞ്ഞ വെള്ളിയാഴ്ച മിഡില്‍ ഈസ്റ്റില്‍ എത്തിയതോടെയാണ് മേഖലയില്‍ യുദ്ധഭീതി വര്‍ധിച്ചത്. നയതന്ത്ര പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും അമേരിക്ക കരയാക്രമണത്തിന് പദ്ധതിയിടുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ് ആരോപിച്ചു. തങ്ങളുടെ മിസൈലുകള്‍ സര്‍വ്വ സജ്ജമാണെന്നും ഏത് ആക്രമണത്തെയും നേരിടാനുള്ള ഇറാന്റെ നിശ്ചയദാര്‍ഢ്യം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാനില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് അമേരിക്ക തയ്യാറായേക്കില്ലെന്നും പകരം തന്ത്രപ്രധാനമായ ചില കേന്ദ്രങ്ങളില്‍ മിന്നലാക്രമണങ്ങള്‍ (റൈഡുകള്‍) നടത്താനാണ് സാധ്യതയെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുഎസ് സൈന്യത്തിന്റെ കമാന്‍ഡിംഗ് അധികാരം തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നവരുടെ കൈകളില്‍ എത്തിയത് സൈന്യത്തെ അപകടകരമായ മരണക്കെണിയിലേക്കാണ് നയിക്കുന്നതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി വിമര്‍ശിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങളില്‍ റെയ്ഡ് നടത്തുന്നതും അമേരിക്കന്‍ സൈനിക നേതൃത്വത്തിന്റെ ആലോചനയിലുണ്ട്. വാണിജ്യ-സൈനിക കപ്പലുകളെ ലക്ഷ്യമിടാന്‍ സാധ്യതയുള്ള ഇറാന്റെ ആയുധങ്ങള്‍ നശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏതാനും മാസങ്ങള്‍ വേണ്ടി വന്നേക്കാമെന്നാണ് യുഎസ് കണക്കുകൂട്ടല്‍.
എങ്കിലും, കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ആഴ്ച പിന്നിട്ട യുദ്ധം ഇതിനകം തന്നെ ആഗോള എണ്ണ, വാതക വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വളം ക്ഷാമത്തിനും വ്യോമഗതാഗത തടസ്സത്തിനും ഇത് കാരണമായി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 13 യുഎസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുഎസ് അസോസിയേറ്റഡ് പ്രസ് നടത്തിയ സര്‍വേ പ്രകാരം 62 ശതമാനം അമേരിക്കക്കാരും ഇറാനിലെ കരയുദ്ധത്തിന് എതിരാണ്. കേവലം 12 ശതമാനം പേര്‍ മാത്രമാണ് ഇതിനെ അനുകൂലിക്കുന്നത്.
ഖാര്‍ഗ് ദ്വീപ് പോലുള്ള സ്ഥലങ്ങളില്‍ അധിനിവേശം നടത്തുന്നത് സൈനികര്‍ക്ക് വലിയ അപകടമുണ്ടാക്കുമെന്ന് സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ഡ്രോണുകള്‍ക്കും പീരങ്കി ആക്രമണങ്ങള്‍ക്കും മുന്നില്‍ സൈനികര്‍ ഇരകളാകാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി ഡയറക്ടര്‍ മൈക്കല്‍ ഐസന്‍സ്റ്റാഡ് പറഞ്ഞു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ബ്രിട്ടനും നീക്കം തുടങ്ങിയിട്ടുണ്ട്. നൂതന ഡ്രോണുകള്‍ സജ്ജീകരിച്ച ആര്‍എഫ്എ ലൈം ബേ എന്ന കപ്പല്‍ മേഖലയിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്. ഹോര്‍മുസ് തുറക്കാന്‍ ബ്രിട്ടന്‍ സജീവമായി ഇടപെടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും വൈറ്റ് ഹൗസുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഏപ്രില്‍ 6 വരെ ട്രംപ് സമയം അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ, വരും ദിവസങ്ങളില്‍ പാകിസ്ഥാന്‍ മുന്‍കൈയെടുത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും സമീപ നഗരമായ കരാജിലും ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടു.
യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. പതിനായിരത്തോളം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ വാഷിംഗ്ടണ്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, അമേരിക്കയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫും രംഗത്തെത്തി. പുറമെ നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിടുകയുമാണ് അമേരിക്കയെന്ന് അദ്ദേഹം ആരോപിച്ചു. തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഒത്തുചേരാനിരിക്കെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രസ്താവനകള്‍ പുറത്തുവരുന്നത്.
അതേസമയം, മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കി. ഇറാനിലെ സര്‍വ്വകലാശാലകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങളെ അമേരിക്ക അപലപിക്കാത്ത പക്ഷം ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അമേരിക്ക നിലപാട് വ്യക്തമാക്കണമെന്നാണ് അന്ത്യശാസനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് മാറിനില്‍ക്കാന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആയുധ നിര്‍മ്മാണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ഇറാന്റെ സര്‍വ്വകലാശാലകളെ ലക്ഷ്യം വെക്കുന്നത്. ഇതിന് മറുപടിയായാണ് ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തുന്നത്. ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലാ കാമ്പസുകളെ ഇത് ബാധിച്ചേക്കാം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബെയ്‌റൂട്ടിലെ അമേരിക്കന്‍ സര്‍വ്വകലാശാല ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരിട്ടുള്ള ഭീഷണി നിലവിലില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടിയെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
ഇറാഖിലെ ബാഗ്ദാദ്, സുലൈമാനിയ, ദോഹൂക് എന്നിവിടങ്ങളിലെ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇറാന്‍ അനുകൂല സായുധ സംഘങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ബാഗ്ദാദിലെ അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
