യുഎഇയുടെ സമാധാനം കളയാൻ തുനിഞ്ഞിറങ്ങിയ ഇറാൻ; 40,000 അടി ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് പാഞ്ഞത് 16 ബാലിസ്റ്റിക് മിസൈലുകൾ; കൂടെ പേടിപ്പെടുത്തി ഡ്രോണുകളും; എല്ലാം വെടിവെച്ചിട്ട് സേന
അബുദാബി: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ, യുഎഇക്ക് നേരെ ഇറാൻ തൊടുത്ത 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ഇന്ന് വിജയകരമായി തകർത്തു. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെയായി 414 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1,914 ഡ്രോണുകൾ എന്നിവയാണ് യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടത്. ഈ ആക്രമണങ്ങളിൽ ആകെ 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 178 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇ പ്രതിരോധ മന്ത്രാലയം മാർച്ച് 29 ഞായറാഴ്ചയാണ് ഏറ്റവും പുതിയ ആക്രമണങ്ങളെയും തകർത്ത മിസൈൽ-ഡ്രോൺ കണക്കുകളെയും കുറിച്ച് അറിയിച്ചത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ട് സൈനികരും ഒരു മൊറോക്കൻ പൗരനായ സിവിലിയൻ കോൺട്രാക്ടറും ഉൾപ്പെടുന്നു. കൂടാതെ, ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ എട്ട് സാധാരണക്കാരും മരിച്ചവരിൽ ഉണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും മറ്റുമുണ്ടായ 178 പരിക്കുകളിൽ ചിലത് ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അയൽരാജ്യമായ ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്‌റൈന്റെ (അൽബ) ആസ്ഥാനത്തിന് നേരെ ശനിയാഴ്ച രാത്രിയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ അലുമിനിയം ഉൽപ്പാദകരിൽ ഒന്നായ അൽബയുടെ പ്ലാന്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങൾ കമ്പനി വിലയിരുത്തി വരികയാണ്. മാർച്ച് 28ന് ബഹ്‌റൈൻ പ്രതിരോധ സേന 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തിരുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ആകെ 174 മിസൈലുകളും 385 ഡ്രോണുകളുമാണ് ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ടത്.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ യുഎഇയും ബഹ്‌റൈനും സംയുക്തമായി ശക്തമായ സൈനിക പ്രതിരോധം തുടരുകയാണ്.