യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം
ട്രംപുമായി മോദി ഫോണില്‍ സംസാരിച്ചിട്ടില്ല
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളി. ഈ വിഷയത്തില്‍, ബുധനാഴ്ച ഫോണില്‍ മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദമാണ് രാത്രി വൈകി മന്ത്രാലയം തള്ളിയത്. അത്തരത്തില്‍ ഒരു ഫോണ്‍ സംഭാഷണവും ഉണ്ടായിട്ടില്ല.
ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് നേരത്തെ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് ടെലിഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കിയത്.
നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഒരു സുഹൃത്താണ്. ഞങ്ങള്‍ക്ക് ഒരു മികച്ച ബന്ധമുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി,' എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
എന്നാല്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണെന്നും, അസ്ഥിരമായ ഊര്‍ജ്ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സ്ഥിരമായ മുന്‍ഗണന നല്‍കുമെന്നും വിദേശകാര്യ വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിരമായ ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യമെന്നും, ഇതില്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വിപുലീകരിക്കുന്നതും വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വൈവിധ്യവല്‍ക്കരിക്കുന്നതും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി ഇന്ത്യ ഊര്‍ജ്ജ സംഭരണം വിപുലീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.
ട്രംപിന്റെ അവകാശവാദം
ഇന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ഇപ്പോള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അടുത്തിടെയായി, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്നും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. റഷ്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയാണ് വാങ്ങുന്നത്. ഈ ഇറക്കുമതി വെട്ടിച്ചുരുക്കുന്നത് റഷ്യയുടെ സാമ്പത്തിക ശക്തി കുറയ്ക്കുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അമേരിക്ക വാദിക്കുന്നു.