ഇറാന്‍ റിയാല്‍ തകര്‍ന്നടിഞ്ഞതോടെ വിലക്കയറ്റം മൂക്കുമുട്ടുന്നു; വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു; സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടംതിരിയുന്ന ജനം തെരുവില്‍ പ്രതിഷേധിക്കുന്നു; സുരക്ഷാ സേനയുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നത് ടെഹ്‌റാന്‍ തെരുവുകളില്‍ പതിവ് കാഴ്ച്ച
ഇറാന്‍ റിയാല്‍ തകര്‍ന്നടിഞ്ഞതോടെ വിലക്കയറ്റം മൂക്കുമുട്ടുന്നു;
ടെഹ്‌റാന്‍: ഇറാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ ജനം പ്രതിഷേധിക്കാന്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. സുരക്ഷാ സേനയുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. തലസ്ഥാനമായ ടെഹ്‌റാനിലെ കടയുടമകള്‍ ഇന്നലെ കടകള്‍ അടച്ചിട്ടതോടെ ഇറാനിയന്‍ ജനത രാജ്യത്തിന്റെ ഭരണ ഭരണകൂടത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന രോഷം പ്രകടിപ്പിക്കുകയാണ്. പ്രകടനക്കാരെ പിരിച്ചുവിടാന്‍ സംഘര്‍ഷവും കണ്ണീര്‍വാതക പ്രയോഗവും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വിലക്കയറ്റവും കറന്‍സി തകര്‍ച്ചയും കാരണം ടെഹ്റാനിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് ബസാറില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉണ്ടായി. വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നു. റിയാലിന്റെ മൂല്യത്തകര്‍ച്ചയും വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കാന്‍ ജനക്കൂട്ടം ഒത്തുകൂടിയത്. സാമ്പത്തിക, ഉപജീവന സമ്മര്‍ദ്ദങ്ങള്‍'ക്കെതിരായ പ്രതിഷേധവുമായി ബസാറിന് ചുറ്റുമുള്ള തെരുവുകളിലേക്ക് വ്യാപാരികള്‍ ഒഴുകിയെത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
നിരവധി കടകള്‍ക്ക് പേരുകേട്ട സെന്‍ട്രല്‍ ടെഹ്‌റാനില്‍ ഒരു പ്രധാന പാത കൈവശപ്പെടുത്തി ഒരു കൂട്ടം പ്രകടനക്കാര്‍ നില്‍ക്കുന്നത് ഇതില്‍ കാണാന്‍ കഴിയും. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് മറ്റൊരു ഫോട്ടോയില്‍ കാണാം. അതേ സമയം ഇറാന്റെ കറന്‍സിയില്‍ നാടകീയമായ ഇടിവ് തുടരുകയാണ്. അനൗദ്യോഗിക വിപണിയില്‍ ഇപ്പോള്‍ ഇത് ഏറ്റവും താണ നിലയിലാണ്.
ഞായറാഴ്ച യു.എസ് ഡോളറിന്റെ മൂല്യം ഏകദേശം 1.42 ദശലക്ഷം റിയാലിലായിരുന്നു - ഒരു വര്‍ഷം മുമ്പുള്ള ഏകദേശം 820,000 റിയാലുകളില്‍ നിന്ന് കുത്തനെ ഉയര്‍ന്നു . അതേസമയം യൂറോ 1.7 ദശലക്ഷം റിയാലിലേക്ക് അടുക്കുന്നുവെന്ന് വില നിരീക്ഷിക്കുന്ന വെബ്‌സൈറ്റുകള്‍ പറയുന്നു. സാധാരണ ഇറാന്‍ പൗരന്‍മാര്‍ പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം എന്നിവയുമായി മല്ലിടുമ്പോള്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന നിരാശയാണ് ഇപ്പോഴത്തെ അസ്വസ്ഥതക്ക് അടിസ്ഥാന കാരണമായി മാറുന്നത്.
തിങ്കളാഴ്ച നിരക്കുകള്‍ ഒരു പരിധിവരെ കുറഞ്ഞു, യുഎസ് ഡോളര്‍ ഏകദേശം 1.39 ദശലക്ഷം റിയാലിലും യൂറോ ഏകദേശം 1.64 ദശലക്ഷം റിയാലിലും എത്തി. ചില വ്യാപാരികള്‍, പ്രത്യേകിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇലക്ട്രോണിക്സ് കച്ചവടക്കാര്‍ താല്‍ക്കാലികമായി വില്‍പ്പന നിര്‍ത്തിവയ്ക്കുകയോ ഓണ്‍ലൈനില്‍ വില മാറ്റുകയോ ചെയ്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച, ടെഹ്‌റാനിലെ ഒരു പ്രധാന ഷോപ്പിംഗ് സെന്ററിലെ ഒരു കൂട്ടം കടയുടമകളും മൊബൈല്‍ ഫോണ്‍ വ്യാപാരികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച, വിനിമയ നിരക്കിലെ ചാഞ്ചാട്ടം വില നിശ്ചയിക്കുന്നതിനോ ഇടപാടുകള്‍ അന്തിമമാക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപാരികള്‍് പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പവും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പാശ്ചാത്യ ഉപരോധങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം പാശ്ചാത്യ ശക്തികളും ഇറാന്‍ ആണവായുധങ്ങള്‍ സംഭരിക്കുകയാണെന്ന് ആരോപിക്കുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയാണ്.
ഞായറാഴ്ച പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പണപ്പെരുപ്പത്തിനും ഉയര്‍ന്ന ജീവിതച്ചെലവിനും എതിരെ പോരാടുമെന്ന് ബജറ്െറ് പ്രസംഗത്തനിടെ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇറാനിലെ ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്‌സെനി എജെയ് പറഞ്ഞത് വിദേശ കറന്‍സി പൂഴ്ത്തിവയ്പ്പില്‍ ഏര്‍പ്പെടുന്ന ഏതൊരാളും കുറ്റവാളിയാണ്, അവരെ കര്‍ശനമായി നേരിടണം എന്നാണ്.
