ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതവ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ അബൂ ഹംസക്കൊപ്പം ഭാര്യയും മരിച്ചു; അബൂ ഹംസ ബസ് ഡ്രൈവറില്‍ നിന്നും ഫലസ്തീനിലെ ജിഹാദി നേതാവായി വളര്‍ന്ന നേതാവ്
ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതവ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ തീവ്രനേതാവ് കൂടി കൊല്ലപ്പെട്ടു. അബൂ ഹംസ എന്ന നാജി അബൂ സെയ്ഫാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ സൈനിക വക്താവായിരുന്നു അബൂ ഹംസ. തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹംസയും കുടുംബവും കൊല്ലപ്പെട്ടത്. മരണ വിവരം പി.ഐ.ജെയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മധ്യഗസ്സയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് 25കാരനായ ഹംസ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഒപ്പം ഭാര്യയായ ഷൈമ മഹ്‌മൂദ് വാഷയും ഉണ്ടായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. അബൂ ഹംസയുടെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബസ്‌ഡ്രൈവറായിരുന്ന ഹംസ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ (പി.ഐ.ജെ) മുന്‍നിരയിലേക്ക് എത്തിയത് അതിവേഗത്തിലായിരുന്നു. ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അബു ഹംസ. വെസ്റ്റ് ബാങ്ക്, ഗസ്സ, ഇന്നത്തെ ഇസ്രായേലിന്റെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1981ല്‍ ഈജിപ്തിലെ ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ്.
''അത്യധികം ബഹുമാനത്തോടെയും അതിലേറെ അഭിമാനത്തോടെയും ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനം നമ്മുടെ മഹത്തായ ഫലസ്തീന്‍ ജനതയോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും നേതാവ് നാജി അബു സെയ്ഫ് അബൂ ഹംസയുടെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സഹോദരന്റെ കുടുംബത്തെയും ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ ആക്രമണത്തില്‍ ക്രിമിനല്‍ സൈന്യം അദ്ദേഹത്തെ വധിച്ചു' -പി.ഐ.ജെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
നാസി സയണിസ്റ്റ് സ്ഥാപനം നടത്തിയ വഞ്ചനാപരവും വെറുപ്പുളവാക്കുന്നതുമായ ഈ കൊലപാതകം, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുത്തുന്നതുവരെ നമ്മുടെ ജനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്നത് തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തു പി.ഐ.ജെ പറഞ്ഞു.