805 ഡ്രോണുകള്‍ ഉപയോഗിച്ച് കീവില്‍ റഷ്യന്‍ ആക്രമണം; യുക്രെയ്ന്‍ മന്ത്രിസഭാ ആസ്ഥാനത്തിനുമേല്‍ പുക; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യന്‍ ഡ്രോണ്‍ ആക്രമണമാണിതെന്ന് യുക്രെയ്ന്‍ വ്യോമസേന; പുടിന്‍ രണ്ടും കല്‍പ്പിച്ച്
805 ഡ്രോണുകള്‍ ഉപയോഗിച്ച് കീവില്‍ റഷ്യന്‍ ആക്രമണം
കീവ്: യുക്രൈന് മേല്‍ ആക്രമണം കടുപ്പിച്ചു റഷ്യ. യുഎസ് പ്രസിഡന്റുമായി നടത്തിയ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. അധിനിവേശത്തിന് ശേഷം ഇത്രയും വലിയ ആക്രമണം ഇതാദ്യമായാണ്. ഡ്രാണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്‍ തലസ്ഥാനത്തിലാണ് റഷ്യ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 15 പേര്‍ക്ക് പരിക്കേറ്റു.
പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും ബോംബ് പതിച്ചു. 805 ഡ്രോണുകളും ഡെക്കോയികളും ഉപയോഗിച്ച് റഷ്യ യുക്രെയ്നിനെ ആക്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുക്രെയ്നിലെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യന്‍ ഡ്രോണ്‍ ആക്രമണമാണിതെന്ന് യുക്രെയ്ന്‍ വ്യോമസേനയുടെ വക്താവ് യൂറി ഇഹ്നാത്ത് സ്ഥിരീകരിച്ചു.
വിവിധ തരത്തിലുള്ള 13 മിസൈലുകളും റഷ്യ വിക്ഷേപിച്ചു. വ്യോമസേനയുടെ പ്രസ്താവന പ്രകാരം, യുക്രെയ്ന്‍ 747 ഡ്രോണുകളും 4 മിസൈലുകളും വെടിവച്ച് നിര്‍വീര്യമാക്കി. വെടിവെച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ 8 സ്ഥലങ്ങളില്‍ വീണതായാണ് റിപ്പോര്‍ട്ട്.
കീവിലെ മന്ത്രിമാരുടെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് പുക ഉയരുന്നത് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍മാര്‍ പകര്‍ത്തി. പക്ഷേ, പുക നേരിട്ടുള്ള ഇടിയുടെ ഫലമാണോ അതോ അവശിഷ്ടങ്ങള്‍ തെറിച്ചതിന്റെ ഫലമാണോ എന്ന് വ്യക്തമല്ല. നഗരമധ്യത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യം വെക്കുന്നത് റഷ്യ ഇതുവരെ ഒഴിവാക്കിയിരുന്നു. റഷ്യ വ്യോമാക്രമണം തീവ്രമാക്കുന്നതിന്റെ സൂചനയാണ് പുതിയ ആക്രമണമെന്ന് പറയപ്പെടുന്നു.
യുക്രെയ്ന്‍ മന്ത്രിസഭയുടെ ആസ്ഥാനമായ ഈ കെട്ടിടത്തില്‍ മന്ത്രിമാരുടെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഫയര്‍ ട്രക്കുകളും ആംബുലന്‍സുകളും എത്തിയതോടെ പൊലീസ് കെട്ടിടത്തിലേക്കുള്ള പ്രവേശനം തടഞ്ഞു.