'ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം'; സൗദി-പാകിസ്താന്‍ പ്രതിരോധക്കരാര്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി അറേബ്യ; കരാര്‍ പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നതെന്നും സൗദി

'ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം'

Update: 2025-09-19 01:29 GMT

ന്യൂഡല്‍ഹി: സൗദിയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധകരാര്‍ ഇന്ത്യയെ യാതൊരു വിധത്തിലു ബാധിക്കില്ലെന്ന് സൗദി അറേബ്യ. ഒരുരാജ്യത്തിനുനേരെയുള്ള ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമെതിരെയുള്ളതായി കണക്കാക്കുമെന്ന വ്യവസ്ഥയടങ്ങിയ പാക്-സൗദി പ്രതിരോധക്കരാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയെയാണ് വിഷയത്തില്‍ വ്യക്തത വരുത്ത സൗദി അറേബ്യ രംഗത്തുവന്നത്.

കരാര്‍ ഇന്ത്യയെ ബാധിച്ചേക്കില്ലെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. ''ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല ഈ കരാര്‍. ഇന്ത്യയുമായി മികച്ച ബന്ധമാണ് സൗദിക്കുള്ളത്. ആ ബന്ധം വളര്‍ത്തും. അത് പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കും.''- സൗദിയുടെ ഉന്നതോദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം പുതിയ കരാര്‍ വന്നതോടെ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൗദി പാക്കിസ്താനെ പിന്തുണയ്ക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്ക് ഉയര്‍ന്നിരുന്നു. ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സൗദി വ്യക്തമാക്കിയത്. അതേസമയം, ഖത്തര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനുള്ള താക്കീതെന്ന നിലയ്ക്കും ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അവരെ ബോധ്യപ്പെടുത്തുകയുമാണ് കരാറിലൂടെ സൗദി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയിലെ പ്രതിരോധ ഉടമ്പടിക്കുസമാനമാണ് പാക്-സൗദി കരാറിലെ വ്യവസ്ഥ. ഏതെങ്കിലും നാറ്റോ അംഗരാജ്യത്തിനെതിരേയുള്ള ആക്രമണം എല്ലാം അംഗരാജ്യങ്ങള്‍ക്കുമെതിരേയുള്ളതായി കണക്കാക്കുമെന്നതാണ് നാറ്റോയുടെ നിലപാട്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി. ഇന്ത്യയാകട്ടെ, സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയും. 2024-25 വര്‍ഷത്തില്‍ 4188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലും നടന്നത്.

സൗദിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രാദേശിക വെല്ലുവിളികളെക്കുറിച്ചും വിവിധമേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സൗദി കിരീടാവകാശിയുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സംസാരിച്ചു. പാക് സേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഒപ്പമുണ്ടായിരുന്നു.

നേരത്തെ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കയിരുന്നു. വിഷയം നേരത്തെ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ വ്യക്തമാക്കി.

കരാറിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യയ്ക്ക് ധാരണയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള-ദേശീയ സുരക്ഷ ഉറപ്പാക്കാനും കരാര്‍ സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ബുധനാഴ്ചയാണ് സൗദിയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ പ്രതിരോധകരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനും കരാറില്‍ ഒപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ഇന്നലെ റിയാദ് സന്ദര്‍ശിച്ചത്. റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.

സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഏകദേശം എട്ട് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തില്‍ ഊന്നിയാണ് പ്രതിരോധ കരാര്‍ നടപ്പിലാക്കുന്നത് എന്നാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായതായെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താനും സൗദിയും തമ്മില്‍ സമഗ്രമായ പ്രതിരോധ കരാറിലാണ് ഒപ്പുവെച്ചത്. എല്ലാ സൈനിക മാര്‍ഗങ്ങളും ഇതിലുള്‍പ്പെടുന്നുവെന്നാണ് കരാറിനെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള പ്രകോപനം ഇരുകൂട്ടര്‍ക്കുമെതിരേയുള്ള പ്രകോപനമായി കണക്കാക്കുമെന്നാണ് കരാറിലെ പ്രധാനപ്പെട്ടൊരു ഉടമ്പടി.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്. സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദി മൂന്ന് തവണ സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016-ല്‍ അദ്ദേഹത്തിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് സാഷ് ലഭിച്ചിരുന്നു.

Tags:    

Similar News