നോര്‍ത്തേണ്‍ അയര്‍ലണ്ടും വെയില്‍സും യുകെയില്‍ നിന്ന് വിട്ടുപോകും; സ്‌കോട്ലന്‍ഡിന്റെ സ്വാതന്ത്ര്യവും അയര്‍ലണ്ടിന്റെ ഏകീകരണവും വെയില്‍സിന്റെ സ്വയംഭരണവും അധികം താമസിയാതെയെന്ന് മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടും വെയില്‍സും യുകെയില്‍ നിന്ന് വിട്ടുപോകും

Update: 2024-09-19 05:00 GMT

എഡിന്‍ബര്‍ഗ്: അധികം വൈകാതെ തന്നെ യുണൈറ്റഡ് കിംഗ്ഡം എന്ന സങ്കല്‍പം ഇല്ലാതെയാകുമെന്ന് മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. സ്‌കോട്ട്‌ലാന്‍ഡും വെയ്ല്‍സും സ്വാതന്ത്ര്യം പ്രാപിക്കുമെന്നും, ഐക്യ അയര്‍ലന്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും അവര്‍ പറയുന്നു. ബ്രിട്ടനിലെ അംഗ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതല്‍ ആരോഗ്യകരമാകുമെന്നും അവര്‍ പറയുന്നു. 2014 ലെ സ്വാതന്ത്ര്യത്തിനുള്ള റെഫറണ്ടത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ബി ബി സി സ്‌കോട്ട്‌ലാന്‍ഡിനോട് സംസാരിക്കവെയാണ് അവര്‍ ഇതു പറഞ്ഞത്.

അന്നത്തെ റഫറണ്ടത്തില്‍ വോട്ടെടുപ്പിന് തലേദിവസം വരെ സ്വതന്ത്ര വാദികള്‍ ജയിക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അവര്‍ പറഞ്ഞു. 2016 ലെ ബ്രെക്‌സിറ്റ് വോട്ടിംഗിന് ശേഷം ഉടനടി തന്നെ മറ്റൊരു റാഫറണ്ടം ആവശ്യപ്പെടുക വഴി സ്റ്റര്‍ജന ഒരു അവസരം കളഞ്ഞുകുളിക്കുകയായിരുന്നു എന്ന് മുന്‍ സ്‌കോട്ടിഷ് ടോറി നേതാവ് റൂത്ത് ഡേവിഡ് സണും ആരോപിച്ചു. അന്ന് സ്വാതന്ത്ര്യവാദികള്‍ പരാജയപ്പെട്ടെങ്കിലും അതിനു ശേഷമുള്ള പതിറ്റാണ്ടില്‍ എസ് എന്‍ പി ക്ക് അഭൂതപൂര്‍വ്വമായ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഉണ്ടായത്.

എന്നാല്‍, കഴിഞ്ഞ ജൂലായിലെ പൊതു തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളുടെ കടുത്ത നഷ്ടമാണ് എസ് എന്‍ പിക്ക് ഉണ്ടായത്. മാത്രമല്ല, പാാര്‍ട്ടിക്കുള്ളില്‍ പരസ്യ കലാപത്തിനും വഴിതെളിച്ചു. എന്നിരുന്നാലും, സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡ് എന്ന സ്വപ്നത്തിന് ശക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു. താന്‍ അതിനായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അയര്‍ലന്‍ഡ് ഏകീകരണമാണോ, സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യമാണോ ആദ്യം ഉണ്ടാവുക എന്ന ചോദ്യത്തിന് അവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.

Tags:    

Similar News