വെസ്റ്റ്ബാങ്കിലെ 13 ജൂത കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍; കൂടുതല്‍ കുടിയേറ്റ മേഖലകള്‍ പണിത് താമസം തുടങ്ങുമെന്ന് മുന്നറിയിപ്പും; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം; ബന്ദി മോചനത്തില്‍ ഹമാസ് ഉടക്കിട്ടതോടെ ഗാസയില്‍ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍

വെസ്റ്റ്ബാങ്കിലെ 13 ജൂത കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍

Update: 2025-03-24 01:08 GMT

വെസ്റ്റ്ബാങ്ക്: ഗാസയില്‍ ആക്രമണം കടുപ്പിച്ച ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലും നീക്കങ്ങള്‍ ശക്തമാക്കി. വെസ്റ്റ് ബാങ്കിലെ 13 ജൂത കുടിയേറ്റ മേഖലകള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ. ഫലസ്തീനികള്‍ അടക്കം താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് മാറി സ്വതന്ത്രമായി സ്ഥാപിച്ച കുടിയേറ്റ മേഖലകള്‍ക്കാണ് നിയമപരമായ അംഗീകാരം നല്‍കിയത്. ഇക്കാര്യം തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവും ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ചാണ് അറിയിച്ചത്.

ഒളിച്ചുജീവിക്കുന്നതിനും മാപ്പ് പറയുന്നതിനും പകരം കൂടുതല്‍ കുടിയേറ്റ മേഖലകള്‍ പണിത് താമസം തുടങ്ങുമെന്നും ഇസ്രായേലിന്റെ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ പരമാധികാരം ഉറപ്പിക്കാനുള്ള പ്രധാന നടപടിയാണിതെന്നും സ്‌മോട്രിച്ച് കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളും ആശുപത്രികളും പതിനായിരക്കണക്കിന് വീടുകളും മറ്റു നിരവധി ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് പുതുതായി സ്ഥാപിച്ച സെറ്റില്‍മെന്റുകള്‍.

അതേസമയം, ഇസ്രായേല്‍ നടപടിയെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. സ്വതന്ത്രമായ കുടിയേറ്റ മേഖലകള്‍ നിര്‍മിക്കുന്നതും അംഗീകാരം നല്‍കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നടപടിയെ ഗസ്സ ഭരിക്കുന്ന ഹമാസും അപലപിച്ചു. ഫലസ്തീന്‍ ഭൂമികള്‍ പിടിച്ചെടുത്ത് കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയാണിതെന്ന് ഹമാസ് ആരോപിച്ചു.

കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി 27 ലക്ഷം ഫലസ്തീനികള്‍ക്കിടയില്‍ ഏകദേശം ഏഴ് ലക്ഷം ഇസ്രായേലി കുടിയേറ്റക്കാരാണ് താമസിക്കുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലകളാണിത്. എന്നാല്‍, എതിര്‍പ്പുകള്‍ വകവെക്കാതെ കുടിയേറ്റം വ്യാപിപ്പിക്കുകയാണ് ഇസ്രായേല്‍. ഇക്കാര്യത്തില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് ശക്തമായ പിന്തുണയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്നത്.

അതിനിടെ ഗാസയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. ഹമാസുമായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധം 18ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു എന്നാണ് ഹമാസ് അവകാശവാദം. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രണ്ടു മാസത്തെ വെടിനിര്‍ത്തലിനു ശേഷം ഗാസയില്‍ വ്യാപകമായ രീതിയില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മരണസംഖ്യ 50,000 പിന്നിട്ടത്.

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 പേര്‍ കൂടി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50,021 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്.

2023 ഒക്ടോബര്‍ 7ന് ആണ് ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെയാണ് ഹമാസ് അന്ന് ബന്ദികളാക്കിയത്. 2025 ജനുവരി 18ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനങ്ങളെ ഒഴിപ്പിക്കുന്നതിനൊപ്പം ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. ഗാസയിലെ രണ്ടു ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തം വീടുകളില്‍നിന്നു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News