സ്വന്തം പാര്‍ട്ടിയിലെ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയന്ത്രണം പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍; പുതിയ നികുതി നിര്‍ദേശങ്ങളുമായി ചാന്‍സലര്‍; സ്വന്തം പാര്‍ട്ടിയുടെ സ്റ്റുഡന്റ് വിസ നിയന്ത്രണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
സ്വന്തം പാര്‍ട്ടിയിലെ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയന്ത്രണം പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍
ലണ്ടന്‍: പാര്‍ട്ടിക്കുള്ളില്‍ വിമത ശല്യം ശക്തമാകുമ്പോള്‍, നാല് വിമത എം പിമാരെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടിയുടെ നിയന്ത്രണം കൈക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. റേച്ചല്‍ മാസ്‌കെല്‍, ബ്രിയാന്‍ ലീഷ്മാന്‍, ക്രിസ് ഹിന്‍ക്ലിഫ്, നീല്‍ ഡന്‍കന്‍ - ജോര്‍ഡാന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നതാണ് കാരണമായി പറയുന്നത്. കഴിഞ്ഞമാസം പ്രധാനമന്ത്രിക്കും ചാന്‍സല്‍ര്‍ റെയ്ച്ചല്‍ റീവ്‌സിനും മുന്‍തീരുമാനങ്ങളില്‍ നിന്നും മലക്കം മറിയേണ്ടിവന്ന ഉള്‍പ്പാര്‍ട്ടി കലാപത്തിലെ മുന്‍ നിര പോരാളിയാണ് യോര്‍ക്ക് സെന്‍ട്രല്‍ എം പിയായ മാസ്‌കെല്‍.
ക്ഷേമ പദ്ധതികളുടെ ചെലവ് വെട്ടിച്ചുരുക്കല്‍, നെറ്റ് സീറോ, പ്ലാനിംഗ് നിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി ശക്തമായി ഏറ്റുമുട്ടിയവരാണ് മറ്റു മൂന്നുപേര്‍. അതിനുപുറമെ മുന്‍ ഷാഡോ മിനിസ്റ്റര്‍ റോസേന അലിന്‍ ഖാന്‍, ബെല്‍ റിബൈറോ - ആഡി, മുഹമ്മദ് യാസിന്‍ എന്നിവരെ ട്രേഡ് എന്‍വോയ്‌സ് എന്ന പദവിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. പേഴ്സണല്‍ ഇഞ്ചുറി പേയ്‌മെന്റുമായി (പി ഐ പി) ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്ന വ്യവസ്ഥകള്‍ എല്ലാം തന്നെ നീക്കിയിട്ടും സര്‍ക്കാര്‍ കൊണ്ടുവന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് ബിലൊലിനെതിരെ വോട്ട് ചെയ്തവരാണ് ഈ ഏഴുപേരും.
അടുത്തയാഴ്ച, പാര്‍ലമെന്റ് വേനലവധിക്ക് പിരിയാനിരിക്കെയാണ് ഈ സസ്പെന്‍ഷന്‍ ഉണ്ടാവുന്നത്. എന്നാല്‍, തീരെ ഭയമില്ലാതെ തന്നെ പ്രവര്‍ത്തിക്കും എന്ന് സ്റ്റാര്‍മര്‍ നല്‍കുന്ന മുന്നറിയിപ്പായിട്ടാണ് ഇതിനെ കാണുന്നത്. അതേസമയം, ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഉള്‍പ്പാര്‍ട്ടി കലാപം ശമിപ്പിക്കുവാന്‍ നടക്കുന്ന ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരും ഉണ്ട്. നേരത്തെ മുന്‍ ലേബര്‍ എം പി സാറാ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയിരുന്നു. മുന്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനുമൊത്ത് പുതിയ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കും എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് എന്ന ചില സൂചനകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം, ലണ്ടന്‍ മാന്‍ഷന്‍ ഹൗസില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആന്‍ഡ് പ്രൊഫഷണല്‍ സെര്‍വീസസ് ഒരുക്കിയ വാര്‍ഷിക വിരുന്നില്‍ പങ്കെടുത്ത് ചാന്‍സലര്‍ നടത്തിയ പ്രസംഗമാണ് ഇത്തരത്തില്‍ ഒരു ഊഹോപോഹത്തിന് വഴി തെളിച്ചത്. സ്ഥിരതയുടെ ചിഹ്നം എന്ന ബ്രിട്ടന്റെ കീര്‍ത്തി ഈ സര്‍ക്കാര്‍ പൂനസ്ഥാപിച്ചു എന്ന് അവകാശപ്പെട്ട അവര്‍, പൊതു ധനസ്ഥിതിയും മെച്ചപ്പെട്ട നിലയിലാക്കി എന്നും പറഞ്ഞിരുന്നു. എന്നാല്‍, ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ പണപ്പെരുപ്പത്തെ കുറിച്ച് സംസാരിച്ചില്ല.
നേരത്തെ ഒരു അഭിമുഖത്തില്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹീദി അലക്സാന്‍ഡര്‍, നികുതി വര്‍ദ്ധിപ്പിക്കരുത് എന്ന ലേബര്‍ പാര്‍ട്ടിയുടെ നയം, തീരെ കുറഞ്ഞ വരുമാനക്കാര്‍ക്ക് മാത്രമായിരിക്കും ബാധികമാവുക എന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരെ കുറഞ്ഞ വരുമാനക്കാരുടെ വരുമാന പരിധി എന്തെന്നുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ഈ പ്രശ്നവും കഴിഞ്ഞ ദിവസത്തെ ചാന്‍സലറുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസിന്റെ സമ്മേളനത്തില്‍ കൂടുതല്‍ കടം വാങ്ങലും നികുതി വര്‍ദ്ധിപ്പിക്കലും ഉണ്ടാകില്ല എന്ന് റീവ്‌സ് പറഞ്ഞിരുന്നു. അത് ഇവിടെ ആവര്‍ത്തിക്കാനും അവര്‍
തയ്യാറായിട്ടില്ല.
പാര്‍ട്ടി നയത്തിനെതിരെ ലണ്ടന്‍ മേയറും
ലേബര്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെ ബ്രിട്ടനിലേക്കെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുന്ന പദ്ധതി പിന്‍വലിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. ഘാനാ സന്ദര്‍ശനത്തിനിടെയാണ് യു കെയിലെ യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി വാതിലുകള്‍ തുറന്നിടണമെന്ന് ആവശ്യപ്പെട്ടത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ പല നിയന്ത്രണങ്ങളും കൊണ്ടുവന്നത്.
ആശ്രിതരെ കൂടെ കൊണ്ടു വരുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയതിന് പുറമെ, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായാലും യു കെയില്‍ തുടരാവുന്ന കാലാവധി 2 വര്‍ഷത്തില്‍ നിന്നും 18 മാസമായി ചുരുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ യൂണിവേഴ്സിറ്റികള്‍ക്ക് പുതിയ ലെവി ചുമത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം നടപടികള്‍, വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും, ഇപ്പോള്‍ തന്നെ, സാമ്പത്തിക പ്രതിസന്ധിയിലായ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ ബ്രിട്ടന്‍ 'അപരിചിതരുടെ ദ്വീപ് ' ആയി മാറി എന്ന സ്റ്റാര്‍മറുടെ പ്രസ്താവനയെ വിമര്‍ശിച്ച സാദിഖ് ഖാന്‍, അടുത്തിടെ ക്ഷേമപദ്ധതികളുടെ ചെലവ് വെട്ടിച്ചുരുക്കാനുള്ള നടപടികള്‍ക്കെതിരെയും പരസ്യമായി രംഗത്ത് വന്നിരുന്നു. വിമത എം പിമാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.