അഫ്ഗാനിസ്ഥാന്‍ സ്ത്രീകളെ ബുര്‍ഖകൊണ്ട് ശ്വാസം മുട്ടിച്ച് താലിബാന്‍ ഭരണകൂടം; ഹൊറാത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്ന സ്ത്രീകളായ രോഗികളും കെയര്‍ടേക്കര്‍മാരും ജീവനക്കാരും ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവ്; കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം കുറവ്

അഫ്ഗാനിസ്ഥാന്‍ സ്ത്രീകളെ ബുര്‍ഖകൊണ്ട് ശ്വാസം മുട്ടിച്ച് താലിബാന്‍ ഭരണകൂടം

Update: 2025-11-12 09:45 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകളായ രോഗികള്‍, കെയര്‍ടേക്കര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവിട്ടു. ആരോഗ്യ മേഖലയിലെ ചാരിറ്റി പ്രസ്ഥാനമായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം അഞ്ച് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി സംഘടന വ്യക്തമാക്കി.

ഈ നിയന്ത്രണങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ കൂടുതല്‍ തടസ്സപ്പെടുത്തുകയും സ്ത്രീകള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സംഘടനയുടെ അഫ്ഗാനിസ്ഥാനിലെ പ്രോഗ്രാം മാനേജര്‍ സാറാ ചാറ്റോ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ പോലും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്. അതേ സമയം താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് എംഎസ്എഫിന്റെ പ്രസ്താവന നിഷേധിച്ചു.

കൂടാതെ നിയന്ത്രണങ്ങള്‍ ഭാഗികമായി ഇളവ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഈ നിയന്ത്രണം ആദ്യമായി ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വരെ കുറവുണ്ടായി എന്നാണ് കണക്ക്. ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തില്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ തടയാന്‍ താലിബന്‍ അംഗങ്ങള്‍ എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി താലിബാന്‍ ഗാര്‍ഡുകള്‍ പ്രധാന സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നു.

ഹെറാത്തില്‍ ബുര്‍ഖ നിര്‍ബന്ധമാക്കാനുള്ള താലിബാന്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. താലിബാന്‍ ഭരണത്തില്‍ പ്രതിഷേധിച്ച് ചില സ്ത്രീകള്‍ വസ്ത്രങ്ങള്‍ക്ക് തീയിടുന്നത് കാണിക്കുന്ന ഒരു വീഡിയോ ഒരു അഫ്ഗാന്‍ ആക്ടിവിസ്റ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. 1990 കളില്‍ അധികാരത്തില്‍ വന്ന ആദ്യ ഘട്ടത്തില്‍ താലിബാന്‍ ബുര്‍ഖ

നിര്‍ബന്ധമാക്കിയിരുന്നു.

2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. സ്ത്രീകള്‍ക്ക്

കര്‍ശനമായ വിലക്കുകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. 2022-ല്‍, സ്ത്രീകള്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടുതല്‍ സ്ത്രീകള്‍ ബുര്‍ഖ ധരിച്ച് ആശുപത്രികളിലേക്ക് എത്തുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, താലിബാന്‍ മിക്ക ജോലിസ്ഥലങ്ങളില്‍ നിന്നും സര്‍വകലാശാലകളിലും സെക്കന്‍ഡറി സ്‌കൂളുകളിലും സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇത്തരം ലിംഗ വിവേചനത്തിന് എതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന അഫ്ഗാന്‍ വനിതാ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അഫ്ഗാനിസ്ഥാനും ഇറാനും ഇടയിലുള്ള ഒരു പ്രധാന അതിര്‍ത്തി ക്രോസിംഗിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News