പാക്കിസ്ഥാന്‍ ഭീകരതക്ക് പാലൂട്ടുന്നത് ലോകം അറിയണം; ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ കാര്യം; സര്‍വകക്ഷി സംഘം ഇന്ന് മുതല്‍ വിദേശ പര്യടനം തുടരും; ആദ്യസംഘം ഇന്ന് യുഎഇയില്‍ എത്തും; നാല് ദിവസങ്ങളില്‍ ഏഴ് സംഘങ്ങള്‍ മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കും; ഇടഞ്ഞു നിന്ന മമത ബാനര്‍ജിയെയും അനനയിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
പാക്കിസ്ഥാന്‍ ഭീകരതക്ക് പാലൂട്ടുന്നത് ലോകം അറിയണം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള സര്‍വകക്ഷി പ്രതിനിധി സംഘങ്ങള്‍ ഇന്ന് മുതല്‍ മുതല്‍ പര്യടനം തുടങ്ങും. ബുധനാഴ്ച ആദ്യസംഘം യുഎഇയില്‍ എത്തും. നാല് ദിവസങ്ങളില്‍ മൊത്തം ഏഴ് സംഘങ്ങള്‍ മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ള മലയാളികള്‍. സിപിഎം രാജ്യസഭാകക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് അംഗമായ സംഘം ബുധന്‍ രാവിലെ ബാങ്കോക്ക് വഴി ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലേക്ക് പുറപ്പെടും. പാക്കിസ്ഥാന്റെ ഭീകരതയെ ലോകത്തെ അറിയിക്കുക എന്നതാണ് ദൗത്യസംഘത്തിന് മുന്നിലുള്ള പ്രധാന ലക്ഷ്യം.
ജനപ്രതിനിധികള്‍, നയരൂപീകരണസംഘങ്ങള്‍, മാധ്യമങ്ങള്‍, അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും. പഹല്‍ഗാമിലെ ഭീകരാക്രമണവും പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളും പാകിസ്ഥാനില്‍നിന്നുണ്ടായ പ്രകോപനങ്ങളും ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയും സര്‍വകക്ഷി സംഘങ്ങള്‍ വിശദീകരിക്കും. ഒരു രാജ്യത്ത് പരമാവധി രണ്ട് ദിവസം തങ്ങി ദിവസം എട്ട് പരിപാടികളില്‍വരെ പങ്കെടുക്കും. അടുത്തരാജ്യത്തേക്കുള്ള യാത്ര രാത്രിയിലാവും.
അംഗങ്ങളുടെ ഉറക്കവും വിശ്രമവും വിമാനങ്ങളിലായിരിക്കും. മുന്‍ വിദേശകാര്യമന്ത്രിമാര്‍, മുന്‍ അംബാസഡര്‍മാര്‍, വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ട്. യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങളും താല്‍ക്കാലിക അംഗങ്ങളായ രാജ്യങ്ങളും സമീപഭാവിയില്‍ അംഗങ്ങളാകാന്‍ പോകുന്ന രാജ്യങ്ങളും സന്ദര്‍ശിക്കും. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനില്‍ (ഒഐസി) അംഗങ്ങളായ സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.
പാക്കിസ്ഥാന്‍ ജൂലൈയില്‍ രക്ഷാകൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ കൗണ്‍സിലിലെ സ്ഥിരം അംഗങ്ങളുടെയും താല്‍ക്കാലിക അംഗങ്ങളുടെയും ഭാവി അംഗങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്. ഭീകരസംഘടനകള്‍ക്കും ഭീകരര്‍ക്കും എതിരെ ആഗോളതലത്തില്‍ നടപടി സ്വീകരിക്കുന്ന രക്ഷാകൗണ്‍സിലിന്റെ 1267-ാം പ്രമേയം പ്രകാരമുള്ള സമിതി, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) സമിതി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്ക് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തും.
അതിനിടെ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങളോട് നിലപാട് അറിയിക്കാനുള്ള സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ എം.പിയെ കൂടിയാലോചനയില്ലാതെ നിയോഗിച്ച നടപടിയില്‍ പാര്‍ട്ടി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ സമാധാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു മമതയെ വിളിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിനിധിയെ അയക്കണമെന്ന റിജിജുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അഭിഷേക് ബാനര്‍ജിയെ മമത നിര്‍ദേശിച്ചു. സര്‍ക്കാര്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് റിജിജു മമതയോട് പറഞ്ഞു.
എം.പിമാരുടെ പ്രതിനിധി സംഘങ്ങള്‍ക്കായി സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പേരുകള്‍ തേടിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രതികരിച്ചത്. സുദീപ് ബന്ദോപാധ്യായയെ ആണ് സര്‍ക്കാര്‍ ആദ്യം പട്ടികയിലുള്‍പ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന്, ക്രിക്കറ്റ് താരം യൂസുഫ് പത്താന്‍ എം.പിയെയാണ് കേന്ദ്രം പിന്നീട് നിര്‍ദേശിച്ചത്. പത്താന്‍ അസൗകര്യമറിയിക്കുകയും പാര്‍ട്ടിയുമായി കൂടിയാലോചിക്കാത്തതിന് മമത വിമര്‍ശനമുയര്‍ത്തുകയും ചെയ്തതോടെയാണ് കേന്ദ്രമന്ത്രി നേരിട്ട് വിളിച്ചത്.
പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സനെയും പാര്‍ട്ടിയെയും വിഷയം അറിയിച്ചില്ലെന്നും മമത പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് ഔപചാരിക അറിയിപ്പ് കിട്ടിയാല്‍ പ്രതിനിധികളെ അയക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തിലാണ് തൃണമൂല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീര്‍ ഹുസൈന്‍, അമരീന്ദര്‍ സിങ് രാജ വാറിംഗ് എന്നീ എം.പിമാരെ കോണ്‍ഗ്രസ് നിര്‍ദേശിച്ചെങ്കിലും ആനന്ദ് ശര്‍മ ഒഴികെയുള്ളവരെ സര്‍ക്കാര്‍ തഴയുകയായിരുന്നു. പട്ടികയിലില്ലാത്ത ശശി തരൂരിനെ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന ഭീകരതയുടെ അപകടത്തെക്കുറിച്ച് ലോകരാജ്യങ്ങളില്‍ അവബോധമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സിപിഎം രാജ്യസഭാകക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിന്റെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് മുന്നോടിയായി വിദേശ സെക്രട്ടറിയുടെ വിശകലനയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ തലത്തില്‍ വച്ചുകെട്ടാനാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിന്റെ തിക്താനുഭവങ്ങള്‍ നേരിടുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യ മതാധിഷ്ഠിത രാജ്യമല്ലെന്നും വൈവിധ്യങ്ങളും ബഹുസ്വരതയും ജനാധിപത്യപ്രക്രിയയും നിലനില്‍ക്കുന്ന രാഷ്ട്രമാണെന്നും മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നയതന്ത്ര ആശയവിനിമയത്തിന് അപ്പുറം മറ്റുരാജ്യങ്ങളിലെ അക്കാദമിക് സമൂഹം, വിദഗ്ധ സംഘങ്ങള്‍, പൗരപ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി വിശാലമായ ആശയവിനിമയമാണ് ഉദ്ദേശിക്കുന്നത്- അദ്ദേഹം പറഞ്ഞു.