യുദ്ധാനന്തര ഗാസ ആര് ഭരിക്കും? ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുന്നതുവരെ ഭരണത്തിനായി ഒരു സമിതി സ്ഥാപിക്കണമെന്ന് ടോണി ബ്ലെയറിന്റെ നിര്‍ദേശം; ആവശ്യത്തിന് പിന്തുണ തേടാന്‍ ബ്ലെയറിനെ ട്രംപ് അധികാരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍
യുദ്ധാനന്ത ഗാസ ആര് ഭരിക്കും?
ലണ്ടന്‍: ഗാസാ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസിനെ മാറ്റിസ്ഥാപിക്കുന്നതിനായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ യുഎസ് പിന്തുണയുള്ള നിര്‍ദ്ദേശം ചര്‍ച്ചയാകുന്നു. ഗാസ മുനമ്പ് ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുന്നതുവരെ യുദ്ധാനന്തരം ഭരിക്കുന്നതിനായി ഒരു സമിതി സ്ഥാപിക്കാനാണ് ടോണി ബ്ലെയര്‍
നിര്‍ദ്ദേശിച്ചത്. ഇതിനെ പിന്തുണക്കുന്നവരെ അണിനിരത്താന്‍ ടോണി ബ്ലെയറിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോയോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ബ്ലെയര്‍ ഈ നിര്‍ദ്ദേശം തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സമീപ മാസങ്ങളില്‍ യുദ്ധം ഫലപ്രദമായി അവസാനിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയായും ഈ നിര്‍ദ്ദേശം മാറുകയായിരുന്നു. യുദ്ധാനന്തര ഗാസ ആസൂത്രണത്തില്‍ ബ്ലെയറിന്റെ പങ്കാളിത്തം നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് 27 ന് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തെങ്കിലും, ബ്ലെയറിന്റെ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.
ഈ നിര്‍ദ്ദേശങ്ങള്‍ ആധികാരികമായി അംഗീകരിക്കപ്പെട്ടതാണ്. ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഏഴ് മുതല്‍ 10 വരെ അംഗങ്ങള്‍ അടങ്ങുന്ന ഒരു ബോര്‍ഡ് ജി.ഐ.ടി.എയ്ക്ക് ഉണ്ടായിരിക്കും. അതില്‍ കുറഞ്ഞത് ഒരു ഫലസ്തീന്‍ പ്രതിനിധി ' ഒരു മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥന്‍, എക്സിക്യൂട്ടീവ് അല്ലെങ്കില്‍ സാമ്പത്തിക പരിചയമുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികള്‍, മുസ്ലിം അംഗങ്ങളുടെ ശക്തമായ പ്രാതിനിധ്യം' എന്നിവ ഉള്‍പ്പെടുന്നു.
നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ ബ്ലെയറിനെ ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനോ ഇവിടെ ഒരു ട്രംപ് റിവിയേര നിര്‍മ്മിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ ഇപ്പോഴത്തെ ഈ കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. കൂടാതെ ഗാസ നിവാസികള്‍ക്കായി സ്വത്ത് അവകാശ സംരക്ഷണ യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ബ്ലെയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങളെ അവിടെ നിന്ന് പുറത്താക്കാന്‍ പദ്ധതിയില്ലെന്നും ഗാസ ഗാസക്കാര്‍ക്കുള്ളതാണ് എന്നാണ് ബ്ലെയറിന്റെ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പലരും ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാസ ഏറ്റെടുക്കാനും അവിടുത്തെ മുഴുവന്‍ ജനങ്ങളെയും സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ആദ്യമായി നിയമസാധുത നല്‍കിയ ട്രംപ്, അതിനുശേഷം ആ ആശയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും ഓഗസ്റ്റ് 27 ലെ വൈറ്റ് ഹൗസ് നയരൂപീകരണ സമ്മേളനത്തില്‍ താന്‍ ബ്ലെയറിന്റെ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തുവെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓഗസ്റ്റ് 27-ന് നടന്ന യോഗം സംഘടിപ്പിച്ചത് യുഎസ് പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് മുതിര്‍ന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടാം ഭരണകാലത്ത് മിഡില്‍ ഈസ്റ്റ് വിഷയങ്ങളിലും ഇടപെടുന്നുണ്ട്. ഗാസയുടെ യുദ്ധാനന്തര മാനേജ്മെന്റിനുള്ള ഏക പദ്ധതി ബ്ലെയറിന്റേതല്ലെങ്കിലും, അമേരിക്ക പിന്തുണക്കുന്ന ഏക നിര്‍ദ്ദേശം ഇത് മാത്രമാണ് എന്നതാണ് പ്രത്യേകത. എന്നാല്‍ ടോണി ബ്ലെയറിന്റെ ഓഫീസ് ആകട്ടെ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.