എന്നെ നാട് കടത്തിയാലും ഞാന്‍ ട്രംപിനെ തുണക്കും; 25 കൊല്ലമായി അനധികൃതമായി താമസിക്കുന്ന മെക്സിക്കോക്കാരന്‍ ചാനലിന് മുന്‍പില്‍ പറഞ്ഞത് ഏറ്റെടുത്ത് ട്രംപ് ഫാന്‍സ്
എന്നെ നാട് കടത്തിയാലും ഞാന്‍ ട്രംപിനെ തുണക്കും
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ആശങ്കയിലായിരിക്കുന്നത് മെക്സിക്കന്‍ അഭയാര്‍ത്ഥികളാണ്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് ഈ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതായിരിക്കും എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ എല്ലാം ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാധ്യമം പുറത്തു വിട്ട ഒരു മെക്സിക്കന്‍ അഭയാര്‍ത്ഥിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.
നാടുകടത്തിയാലും താന്‍ ട്രംപിനെ പിന്തുണയ്ക്കും എന്നാണ് 25 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഒരു മെക്സിക്കോക്കാരന്‍ ചാനലുകാരോട്് പറഞ്ഞത്. ഗെലാസിയോ വെലസ്‌ക്വിസ് എന്ന മെക്സിക്കന്‍ അഭയാര്‍ത്ഥിയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടെക്സാസിലെ ഹൂസ്റ്റണിലാണ് കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ അനധികൃതമായി താമസിക്കുന്നത്. ഇയാളുടെ രണ്ട് മക്കളും അമേരിക്കന്‍ പൗരന്‍മാരാണ്. ഡൊണാള്‍ഡ് ട്രംപിനെ എക്കാലത്തും പിന്തുണച്ചിരുന്ന തന്നെ നാടുകടത്തിയാലും ട്രംപിനെ തന്നെ പിന്തുണയ്ക്കും എന്നാണ് ഗെലാസിയോ തറപ്പിച്ച് പറയുന്നത്.
ട്രംപിന്റെ സാമ്പത്തിക നയങ്ങളെയാണ് താന്‍ പിന്തുണക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു. അഭയാര്‍ത്ഥിയുടെ വാക്കുകള്‍ ട്രംപിന്റെ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം താന്‍ നാടുകടത്തലിനെ ഭയപ്പെടുന്നില്ല എന്നാണ് ഗെലാസിയോ വ്യക്തമാക്കുന്നത്. തന്നെ അഥവാ നാടുകടത്തിയാല്‍ അത് മക്കളുടെ നല്ലതിന് വേണ്ടി മാത്രമാണെന്ന് കരുതുമെന്നും ഇയാള്‍ പറയുന്നു.
അതേ സമയം അമേരിക്കയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന മെക്സിക്കന്‍ വംശജനായ സീസര്‍ എസ്പിനോസ തനിക്ക് ഗ്രീന്‍കാര്‍ഡ് ഉണ്ടെങ്കിലും മെക്സിക്കോയിലേക്ക് പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് കഴിയുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 33 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുകയാണ് ഇയാള്‍. സീസറിന്റെ ഭാര്യയായ കരീന അമേരിക്കന്‍ പൗരത്വമുള്ളയാളാണ്. എന്നാല്‍ ട്രംപ് വിജയിച്ചിത് അറിഞ്ഞ് താന്‍ പൊട്ടിക്കരഞ്ഞു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
മെക്സിക്കന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരു ഗ്രൂപ്പ് സംഘടിപ്പിച്ച സീസര്‍ പറയുന്നത് എല്ലാവരും ഭയപ്പെട്ടാണ്് കഴിയുന്നതെന്നാണ്. നിയമവിരുദ്ധമായി താമസിക്കുന്നവരെ നാട് കടത്താനുള്ള നടപടികളുടെ ചുമതലക്കാരനായി ട്രംപ് നിയോഗിച്ച ടോം ഹോമാന്‍ പറയുന്നത് ഇവരെ നാടു കടത്തുന്നതിന് സൈന്യത്തിന്റെ സഹായവും തേടും എന്നാണ്. നിലവില്‍ അമേരിക്കയില്‍ 2 കോടിയോളം പേരാണ് നിയമവിരുദ്ധമായി കുടിയേറി താമസിക്കുന്നത്. ഇവര്‍ക്ക് വേണ്ടി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഒരുക്കും എന്നത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ഹോമാന്‍ തള്ളിക്കളഞ്ഞു.