വെനസ്വേലയെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല; വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ നടപടികള്‍ ഉണ്ടാവുമെന്നും സൂചിപ്പിച്ച് ട്രംപ്; രാജ്യത്ത് യു.എസ് അധിനിവേശം നടത്തണമെന്ന പ്രചാരണം പ്രോത്സാഹിപ്പിക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും പൗരത്വം റദ്ദാക്കുമെന്ന് മദുറോയും

വെനസ്വേലയെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല;

Update: 2025-11-01 07:33 GMT

വാഷിങ്ടണ്‍: വെനസ്വേലയെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്നു വേട്ടക്കെതിരായി നീക്കം യുദ്ധത്തിന് വഴിവെക്കുമെന്ന സന്ദേഹങ്ങള്‍ക്കിടെയാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ചില നടപടികള്‍ ഉണ്ടാവുമെന്ന സൂചനയും ട്രംപ് നല്‍കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് വെനസ്വേലയെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചത്.

അതേസമയം, രാജ്യത്ത് യു.എസ് അധിനിവേശം നടത്തണമെന്ന പ്രചാരണം പ്രോത്സാഹിപ്പിക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും പൗരത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ രംഗത്തെത്തി.

അതിനുള്ള ഭരണഘടനാ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം റദ്ദാക്കാനുള്ള നീക്കം വെനിസ്വേലന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 130 ന്റെ അടിസ്ഥാനത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 സുപ്രീംകോടതിക്ക് മാത്രമേ അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയൂ എന്നും ജന്മനാ വെനിസ്വേലക്കാരായവരുടെ പൗരത്വം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആക്രമിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ യു.എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മേഖലയില്‍ ഭിന്നത, ഗൂഢാലോചന, വിദ്വേഷം എന്നിവ വിതക്കുകയാണെന്നും അയല്‍ രാജ്യങ്ങളെ പരസ്പരം എതിര്‍ത്ത് യുദ്ധത്തിനായി പ്രകോപിപ്പിക്കുകയാണ് യു.എസ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മദൂറോ ആരോപിച്ചു.

സി.ഐ.എ ആസൂത്രണം ചെയ്ത ഒരു വ്യാജ ഫ്‌ലാഗ് ഓപ്പറേഷന്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രിനിഡാഡിലും ടൊബാഗോയിലും നിലയുറപ്പിച്ചിരിക്കുന്ന യു.എസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാനും ആക്രമണത്തിന് വെനിസ്വേലയെ കുറ്റപ്പെടുത്താനും സി.ഐ.എ പദ്ധതിയിട്ടിരുന്നതായി മദൂറോ പറഞ്ഞു.

Tags:    

Similar News