ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി; പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തില്‍ മാപ്പുപറഞ്ഞ് ബി.ബി.സി; വിവാദ ഡോക്യുമെന്ററി മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുനഃസംപ്രേഷണം ചെയ്യാന്‍ പദ്ധതിയില്ലെന്നും ബി.ബി.സി ചെയര്‍മാന്‍

ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി

Update: 2025-11-14 11:27 GMT

ലണ്ടന്‍: ട്രംപിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ ബിബിസിയുടെ ക്ഷമാപണം. ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെയാണ് ക്ഷമാപണവുമായി ബി.ബി.സി ചെയര്‍മാന്‍ സമീര്‍ ഷാ രംഗത്തുവന്നത്. എന്നാല്‍ ചാനലിന് നേരെ ചുമത്തിയ അപകീര്‍ത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ബി.ബി.സി തള്ളി.

വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയില്‍ ബി.ബി.സി ആത്മാര്‍ഥമായി ഖേദിക്കുന്നുണ്ടെങ്കിലും മാനനഷ്ട അവകാശവാദത്തിന് അടിസ്ഥാനമുണ്ടെന്നതിനോട് ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു എന്നാണ് കത്തില്‍ പറഞ്ഞത്. കൂടാതെ തങ്ങളുടെ ഏതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ ഡോക്യുമെന്ററി പുനഃസംപ്രേഷണം ചെയ്യാന്‍ പദ്ധതിയില്ലെന്നും ബി.ബി.സി കൂട്ടിച്ചേര്‍ത്തു.

ഡോക്യുമെന്ററി പിന്‍വലിക്കുകയും ട്രംപിനോട് ക്ഷമാപണം നടത്തുകയും സാമ്പത്തികവും പ്രശസ്തിക്കുമുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ ബി.ബി.സിക്കെതിരെ ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് യു.എസ് പ്രസിഡന്റിന്റെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം ബി.ബി.സി ക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ കേസ് ഫയല്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ നിയമോപദേശകര്‍ അറിയിച്ചു. നേരത്തെ വൈറ്റ് ഹൗസ് ഉന്നയിച്ച വാദത്തെ തള്ളിക്കൊണ്ടാണ് അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചത്.

അതിനിടെ ട്രംപിന്റെ പുറത്തുള്ള നിയമോപദേശകര്‍ കേസ് ഫയല്‍ ചെയ്തു എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ സ്ഥിരീകരണം തേടിയുള്ള ചോദ്യങ്ങള്‍ക്ക് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ബി.സിക്ക് കത്തിന് മറുപടി നല്‍കാന്‍ നവംബര്‍ 14 വരെ സമയം നല്‍കിയിട്ടുണ്ടെന്നും ട്രംപിന്റെ നിയമസംഘത്തിലെ വക്താവ് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ് എന്ന ബി.ബി.സി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ബി.ബി.സിക്കെതിരെ ഉയര്‍ന്ന ആരോപണം. ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയില്‍ ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണം.

Tags:    

Similar News