'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം' എന്നു പറഞ്ഞ ട്രംപ് പ്രസിഡന്റാകുമ്പോള്‍ പശ്ചിമേഷ്യയില്‍ എന്തു സംഭവിക്കും? മുട്ടിടിച്ച് ഹിസ്ബുള്ള; ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനും അറുതിയായേക്കും; പുടിന്റെ അടുപ്പക്കാരനായ ട്രംപ് റഷ്യ-യുക്രൈന്‍ യുദ്ധത്തിനും പരിഹാരം കണ്ടേക്കും

'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം'

Update: 2024-11-06 07:47 GMT

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരത്തില്‍ എത്തുകയാണ്. ഇതോടെ ലോകരാഷ്ട്രീയത്തിന് എന്തു സംഭവിക്കുമെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. യുദ്ധം കടുത്ത പശ്ചിമേഷ്യയില്‍ എന്തു സംഭവിക്കുമെന്നതാണ് പ്രധാന ചോദ്യങ്ങള്‍. ഇസ്രായേല്‍-ഹമാസ് യുദ്ധം ഏതാണ്ട് അവസാനിച്ചെങ്കിലും ഇനിയും സമാധാന കാര്യങ്ങള്‍ ഏറെയുണ്ട്. വെടിനിര്‍ത്തല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ ട്രംപ് നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇറാനുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് ട്രംപ് എന്നു സ്വീകരിച്ചിരുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കണമെന്നാണ് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനുമേല്‍ ഇറാന്‍ നടത്തിയ ആക്രമണത്തോടാണ് ട്രംപ് ഈ നിലപാട് സ്വീകരിച്ചത്. ഇതോടെ ഇറാന്‍ കടുത്ത ആശങ്കയിലാണെന്നത വസ്തുതയാണ്.

നോര്‍ത്ത് കരോലിനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപ് ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. പ്രചാരണം പുരോഗമിക്കവേ ഇസ്രയേല്‍-ഇറാന്‍ പ്രശ്‌നങ്ങളേക്കുറിച്ചും ഇസ്രയേലില്‍ ഇറാന്‍ 200 തവണ നടത്തിയ മിസൈല്‍ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയര്‍ന്നു. ഇതിനോടായിരുന്നു ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആദ്യം ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയിച്ചു എന്നതാണ് വസ്തുത.

ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നത്തേക്കുറിച്ച് ബൈഡന്‍ പറഞ്ഞത്. ഇതിനെ കടത്തിവെട്ടുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇതോടെയാണ് ട്രംപിന് അനുകൂലമായി അമേരിക്കന്‍ വികാരം മാറിയതും.

അതേസമയം റഷ്യയുടെ യുക്രൈന്‍ അധിനിവേശം, ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം, അതില്‍ ഇറാനും ലെബനനും പാലസ്തീനൊപ്പം ചേര്‍ന്നതും അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍. പരിസ്ഥിതി, ഇന്ധനം, കാണ്‍ബണ്‍ ന്യൂട്രല്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി ലോകം ആകെ നേരിടുന്ന വിഷയങ്ങള്‍ ഇതെല്ലാം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു.

ട്രംപിന്റെ അടുത്ത സുഹൃത്താണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഈ സാഹചര്യത്തില്‍ യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് സാധിക്കുമെന്ന പ്രതീക്ഷയും ലോകത്തിനുണ്ട്. ഇസ്രായേല്‍- ഹമാസ് യുദ്ധവുമുള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും താന്‍ അധികാരത്തിലെത്തിയാല്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

നിലവിലെ ഭരണകൂടം സൃഷ്ടിച്ച എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും താന്‍ അവസാനിപ്പിക്കും. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ റഷ്യ- യുക്രയ്ന്‍ യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും ഒരിക്കലും സംഭവിക്കുമായിരുന്നില്ല. വിദേശത്ത് തടവിലാക്കപ്പെട്ട അമേരിക്കക്കാരെ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രണ്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കമാകും ഇനി നിര്‍ണായകമാകുക.

പ്രധാനമന്ത്രി മോദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. 2020ലെ ഇന്ത്യാ-ചൈന പ്രശ്നത്തില്‍ ട്രംപ് ഇന്ത്യയ്ക്ക് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബൈഡന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു പിന്തുണ കിട്ടിയില്ല. കമല ഇന്ത്യന്‍ വംശജയാണെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയെ കുറിച്ച് എന്തെങ്കിലും സംസാരിച്ചത് കഴിഞ്ഞ ശനിയാഴ്ച മാത്രമാണ്. അടുത്തിടെ മോദി അമേരിക്കയില്‍ ചെന്നപ്പോഴും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു.

അതുപോലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയ്കുകം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഖാലിസ്ഥാന്‍ നേതാവും അമേരിക്കന്‍ പൗരനുമായ പന്നൂന്‍ വധശ്രമക്കേസില്‍ ഇന്ത്യക്കെതിരായ നിലപാടിലാണ് അമേരിക്ക. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കൊപ്പം നിന്ന് ചൈന പ്രതിരോധം തീര്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങളെല്ലാം മറുവശത്താണ്. ഇക്കാര്യത്തില്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാണ്, കാരണം ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണ് റഷ്യ. അവരെ തള്ളാനും അമേരിക്കയെ അകറ്റാനും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ജോ ബൈഡനാകട്ടെ റഷ്യ-യുക്രൈന്‍, ഇസ്രയേല്‍-പാലസ്തീന്‍ വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ശക്തമായി സ്വീകരിച്ചിട്ടില്ല. വിദേശകാര്യ ഇടപെടലില്‍ ബൈഡന്‍ ദുര്‍ബലനാണെന്ന വാദം സാധൂകരിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുമുണ്ട്. ട്രംപിന്റെ നീക്കങ്ങള്‍ ലോക രാഷ്ട്രീയത്തെ എത്രകണ്ട് സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Tags:    

Similar News