കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയല്ല, എഫ്.ബി.ഐയുടെ പുതിയ തലവന്‍; ഇന്ത്യന്‍ വംശജനെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയുടെ പുതിയ തലവനായി നിയമിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന് താക്കോല്‍ സ്ഥാനം
കാഷ് പട്ടേല്‍ എഫ്ബിഐ തലവനാകും
വാഷിങ്ടണ്‍: തന്റെ വിശ്വസ്തനെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) തലവനായി നിശ്ചയിച്ചു ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേലിനെയാണ് സുപ്രധാന പദവിയില്‍ നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് പട്ടേല്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നേരത്തെ സിഐഎയുടെ തലവനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും ഇപ്പോള്‍ എഫ്ബിഐ ഡയറക്ടറായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏഝന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്. നേരത്തെ എഫ്.ബി.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് പട്ടേല്‍. എഫ്ബിഐ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ വിമര്‍ശകനാണ് പട്ടേല്‍. പലപ്പോഴും സര്‍ക്കാറിനുള്ളില്‍ ''ഗൂഢാലോചനക്കാര്‍'ക്കെതിരെ അദ്ദേഹം നിലപാട് പ്രഖ്യാപിച്ചിരുന്നു. കശ്യപിനെ നിയമിച്ചതോടെ ട്രംപ് തന്റെ വിശ്വസ്തനെ സുപ്രധാന സ്ഥാപനങ്ങളില്‍ നിയമിക്കുമെന്നതിന്റെ തെളിവാണ്.
സാമൂഹ്യ മാധ്യമമായ സോഷ്യലിലൂടെയാണ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം എത്തിയത്. 'കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും 'അമേരിക്ക ഫസ്റ്റ്' നിലപാടുള്ള ചാമ്പ്യനുമാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനും തന്റെ കരിയര്‍ ചെലവഴിച്ചു.'-ട്രംപ് സോഷ്യലില്‍ കുറിച്ചു.
ഗുജറാത്തി മാതാപിതാക്കളുടെ മകനായി അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കശ്യപ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കശ്യപ്. ഒന്നാം ട്രംപ് ഭരണകൂടത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് പട്ടേലായിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേല്‍ നടത്തിയത്. ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു.
സെനറ്റിലും വന്‍ വിജയം കരസ്ഥമാക്കിയതോടെ അവിടെയും റിപ്പബ്ലിക്കന്മാര്‍ക്കാണ് ആധിപത്യം. ട്രംപ് പ്രസിഡന്റായ ആദ്യ ടേമില്‍ അഭിഭാഷകനായ കശ്യപ് പട്ടേലിനെ ഭരണത്തിന്റെ അവസാന ആഴ്ചകളില്‍ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്തി വംശജരായ കശ്യപ് പട്ടേലിന്റെ മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് 1970ഫകളില്‍ ഉഗാണ്ടയില്‍ നിന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.
1980ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ച് വളര്‍ന്നത്. നാഷനല്‍ ഇന്റലിജന്‍സ് ആക്ടിങ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. യു.കെയിലെ യൂനിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദം നേടിയ അദ്ദേഹം പട്ടേല്‍ റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഒരു പബ്ലിക് ഡിഫന്‍ഡറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറല്‍ കോടതികളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തു.
ട്രംപിന് വേണ്ടി എന്തും ചെയ്യുന്നയാള്‍ എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ ട്രംപ് തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഉപദേഷ്ടാവായി പട്ടേല്‍ നിയമിതനാകുന്നത്. 2019ല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പട്ടേല്‍ അംഗമായി. പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ട്രംപിന് പട്ടേലിലുണ്ടായിരുന്ന വിശ്വാസം വളര്‍ത്തി. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ നടന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും റിപ്പബ്ലിക്കന്‍ താല്‍പര്യം സംരക്ഷിക്കുകയും ചെയ്തു.
2020ല്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രെനലിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായി നിയമിക്കപ്പെട്ടു. ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫായി പിന്നീട് നിയമിതനായി. ഇതോടെ പ്രതിരോധ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയായി പട്ടേല്‍ മാറിയിരുന്നു. ട്രംപിന്റെ ആദ്യ ടേമിന്റെ അവസാനം പട്ടേല്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും സിഐഎയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു. ഡയറക്ടര്‍ ജീന ഹാസ്പെലും അറ്റോര്‍ണി ജനറല്‍ ബില്‍ ബാറുമാണ് എതിര്‍ത്തത്. പട്ടേലിന് വേണ്ടത്ര പരിചയം ഇക്കാര്യത്തില്‍ ഇല്ലെന്നായിരുന്നു നിലപാട്.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച പട്ടേല്‍ ക്രിമിനല്‍, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ ടെററിസം പ്രോസിക്യൂട്ടറായാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്. ആഗോള ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ഭാഗമായി. പിന്നീട് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടറുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായി നിയമിതനായി.