'ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'; ട്രംപിന്റെ ഓഫറില്‍ അറബ് രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ നെതന്യാഹു അമേരിക്കയിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗാസാ പുനര്‍നിര്‍മാണവും ചര്‍ച്ചയായേക്കും
'ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'
വാഷിങ്ടണ്‍: ഗാസ ക്ലീന്‍ ചെയ്യാന്‍ ഗാസാനിവാസികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന അറബ് രാജ്യങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കാണാന്‍ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.
നെതന്യാഹു അടുത്ത ആഴ്ച ആദ്യം വാഷിംഗ്ടണിലേക്ക് തിരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപേപാര്‍ട്ട് ചെയ്തു. ഈ ആഴ്ച ഇസ്രായേലിലെത്തുന്ന ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് യാത്രയുടെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
മുന്‍ പ്രസിഡന്റ് ബൈഡന്‍ തടഞ്ഞുവെച്ച ആയുധങ്ങള്‍ ഇസ്രായേലിന് കൈമാറാന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാണുന്ന ആദ്യത്തെ വിദേശ നേതാവായിരിക്കും നെതന്യാഹു എന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, നെതന്യാഹുവിന് വൈറ്റ് ഹൗസിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല.
ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയുടെ ഭാഗമായി ബുധനാഴ്ച ഇസ്രായേലിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ സിനഗോഗില്‍ നടന്നന ചടങ്ങില്‍ വിറ്റ്‌കോഫ് പറഞ്ഞിരുന്നു. അതേസമയം, പ്രോസ്റ്റേറ്റ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ നെതന്യാഹുവിന്റെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും സന്ദര്‍ശനമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന്‍ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകളാണ് ഇസ്രായേലിന് വിട്ടുകൊടുക്കാന്‍ കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിട്ടത്. ബോംബുകള്‍ വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത ഗസ്സയിലെ റഫയില്‍ ആക്രമണം നടത്തിയപ്പോള്‍ ഉയര്‍ന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ബൈഡന്‍ ഈ ബോംബുകളുടെ വിതരണം തടഞ്ഞത്.
എന്നാല്‍, ഇസ്രായേല്‍ ഓര്‍ഡര്‍ ചെയ്ത് പണം നല്‍കിയിട്ടും ബൈഡന്‍ പലതും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവയെല്ലാം അതിന്റെ വഴിയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്തി'ല്‍ പറഞ്ഞു. ഗാസയില പുനര്‍നിര്‍മാണം അടക്കം ചര്‍ച്ചയാകുമോ എന്നും അറിയേണ്ട കാര്യമാണ്.
അതേസമയം ഗാസ നിവാസികള്‍ അക്രമവുമായി ബന്ധമില്ലാത്ത സുരക്ഷിതമല്ലാത്ത എവിടെയെങ്കിലും താമസിക്കുന്നതാണ് നല്ലതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'പ്രശ്‌നങ്ങളും വിപ്ലവവും അക്രമവും ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു പ്രദേശത്ത് അവരെ താമസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഗസ്സ മുനമ്പിലേക്ക് നോക്കൂ... വര്‍ഷങ്ങളായി അത് നരകമായിരുന്നു... ആയിരക്കണക്കിന് വര്‍ഷം മുമ്പ് തുടങ്ങിയ വിവിധ നാഗരികതകള്‍ അവിടെ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും അക്രമം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ, കൂടുതല്‍ സുരക്ഷിതവും കൂടുതല്‍ മികച്ചതും കൂടുതല്‍ സുഖകരവുമായ പ്രദേശങ്ങളില്‍ അവിടെയുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയുംന്‍' -എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈജിപ്തും ജോര്‍ദാനും കൂടുതല്‍ ഫലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തന്റെ നിര്‍ദേശമെന്നും ഇവിടെ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഈജിപ്ത് കൂടുതല്‍ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താല്‍പര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഗസ്സ മുനമ്പ്. ഇതുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ നിലപാട് അര്‍ത്ഥമാക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തില്‍ വിശ്വസിക്കുന്നില്ല എന്നാണോ എന്ന് ചോദിച്ചപ്പോള്‍, വ്യക്തമായ മറുപടി ട്രംപ് നല്‍കിയില്ല. നെതന്യാഹു വാഷിങ്ടണില്‍ വരുമ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫലസ്തീന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്നട്രംപിന്റെ ആവശ്യം ജോര്‍ഡനും ഈജിപ്തും തള്ളി. ഫലസ്തീനികളെ അവരുടെ മണ്ണില്‍നിന്ന് കുടിയിറക്കുന്നതിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് യു.എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ജോര്‍ഡന്‍ വിദേശമന്ത്രി അയ്മന്‍ സഫാദി പറഞ്ഞു.
ഫലസ്തീന്‍ പ്രശ്നം രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും ഫലസ്തീനികളുടെ ചെറുത്തുനില്‍പിനും സ്വന്തം ഭൂമിക്കുമേലുള്ള അവകാശത്തിനുമൊപ്പമാണ് എല്ലായ്പോഴും തങ്ങളെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി നിരസിച്ച് ഹമാസ് നേതൃത്വവും രംഗത്തെത്തി. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ സ്ഥിരമായി ഒഴിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഹമാസ് ആരോപിച്ചു. പുനര്‍നിര്‍മാണത്തിന്റെ മറവില്‍ നല്ല ഉദ്ദേശ്യങ്ങളോടെയാണെങ്കില്‍പോലും ഫലസ്തീനികള്‍ ഇത്തരം ഒരു വാഗ്ദാനവും പരിഹാരവും സ്വീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.