അതീവ രഹസ്യമായി ട്രംപ് പുടിനുമായി സൗഹൃദം പുലര്‍ത്തുന്നോ? കോവിഡ് പരിശോധിക്കാനുള്ള ഉപകരണം പുടിന് അയച്ചു കൊടുത്തത് ട്രംപ് എന്ന് വെളിപ്പെടുത്തല്‍; ട്രംപിന്റെ റഷ്യന്‍ ബന്ധം ചര്‍ച്ചയാക്കി ഡെമോക്രാറ്റുകള്‍
അതീവ രഹസ്യമായി ട്രംപ് പുടിനുമായി സൗഹൃദം പുലര്‍ത്തുന്നോ?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപിന്റെയും കമലാ ഹാരീസിന്റെയും ക്യാമ്പുകള്‍. ഏറ്റവും ഒടുവിലായി ഡൊണാള്‍ഡ് ട്രംപിനെതിരെ അതിരൂക്ഷമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍ ബോബ് വുഡ്വേഡ്. ഏറ്റവും പുതിയ പുസ്തകമായ വാര്‍ വെളിപ്പെടുത്തുന്നത് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് രഹസ്യമായി നല്‍കിയ സഹായത്തെ കുറിച്ചാണ്.
കോവിഡ് കാലത്ത് അന്ന് പ്രസിഡന്റായിരുന്ന ട്രംപ് കോവിഡ് പരിശോധിക്കാനുള്ള ഉപകരണം പുട്ടിന് അയച്ചു കൊടുത്തു എന്നാണ് ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഈ ഉപകരണത്തിന്റെ ലഭ്യത തീരെ കുറവായിരുന്ന കാലത്താണ് ട്രംപ് പുട്ടിന് അയച്ച് കൊടുത്തത് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ട്രംപിന്റെ അനുയായികള്‍ ഈ ആരോപണം തള്ളിക്കളഞ്ഞിരിക്കുകയാണ്.
മാത്രമല്ല ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നിരുന്ന കാലം മുഴുവന്‍ പുട്ടിനുമായി അതീവ രഹസ്യമായി സൗഹൃദം പുലര്‍ത്തിയിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ ആരോപണവും ട്രംപ് ക്യാമ്പ് വീണ്ടും തള്ളിക്കളഞ്ഞിരിക്കുകയാണ്. പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകനായ ബോബ് വു്ഡ്വേഡിന്റെ ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്ന് ട്രംപിന്റെ പ്രചരണത്തിന്റെ വക്താവായ സ്റ്റീവന്‍ ചിയൂങ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ പുസ്തകത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വില പോലും തങ്ങള്‍ നല്‍കില്ലെന്നും ചിയൂങ് വ്യക്തമാക്കി. അടുത്തയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ട്രംപിന്റെ സഹായി ആയിരുന്ന ഒരാളാണ് തനിക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതെന്നും അയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും ബോബ് വുഡ്വേഡ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിക്കുന്ന വേളയില്‍ കൂടെയുണ്ടായിരുന്ന സഹായിയോട് ട്രംപ് മുറിയില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു എന്നും ഈ പുസ്തകത്തില്‍ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസും വെളിപ്പെടുത്തിയിരിക്കുകയാണ്.
2021 ല്‍ ട്രംപ് പ്രസിഡന്റ് പദവി ഒഴിയുന്നത് വരെ പുട്ടിനുമായി നിരവധി തവണ രഹസ്യമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട് എ്ന്നാണ്
ബുക്കില്‍ പരാമര്‍ശമുള്ളത്. എന്തൊക്കെ കാര്യങ്ങളാണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് ബുക്കില്‍ ഒരിടത്തും പറയുന്നില്ല. നേരത്തേ തന്നെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.