അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യയല്ല; റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ട്രംപ്; ടെക്‌സാസിലെ വെള്ളപ്പൊക്കത്തിനു പിന്നാലെ ഭരണകൂടം വിമര്‍ശിച്ചതോടെ റോസി ട്രംപിന്റെ കണ്ണിലെ കരടായി
റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: നടിയും ടോക്ക് ഷോ അവതാരകയുമായ റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ഭീഷണിയുമായി ട്രംപ്. ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം പ്രളയം കൈകാര്യം ചെയ്ത രീതിയെയും കാലാവസ്ഥ പ്രവചന ഏജന്‍സികളെയും റോസി ഒ ഡോണല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോസിയുടെ പൗരത്വം റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് എത്തിയത്. നേരത്തെ ഇലോണ്‍ മസ്‌ക്കിന്‍രെ പൗരത്വം റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യയല്ല റോസി എന്നും അതിനാല്‍ അവരെ പുറത്താക്കുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ടെക്‌സസിലുണ്ടായ പ്രളയത്തില്‍ നിരവധിപേര്‍ മരിച്ചതിനു പിന്നാലെ വലിയ പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന പരിസ്ഥിതി, ശാസ്ത്ര ഏജന്‍സികള്‍ക്ക് ട്രംപ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതിനെ വിമര്‍ശിച്ച് റോസി വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് ട്രംപിന്റെ മുന്നറിയിപ്പ്.
''റോസി ഒ'ഡോനല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിക്കുന്നു.'' യുഎസ് പ്രസിഡന്റ് തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ജനുവരിയില്‍ അയര്‍ലണ്ടിലേക്ക് താമസം മാറിയ റോസി, അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. ''അവര്‍ മനുഷ്യരാശിക്ക് ഭീഷണിയാണ്, അവര്‍ക്ക് അവരെ വേണമെങ്കില്‍ അയര്‍ലന്‍ഡില്‍ തന്നെ തുടരണം. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!'' ട്രംപ് എഴുതി.
വര്‍ഷങ്ങളമായി പരസ്യമായി പരസ്പരം പോരടിക്കുന്നവരാണ് ട്രംപും റോസി ഒ'ഡോനലും. ജൂലൈ 4ന് ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 119 പേര്‍ മരിച്ചതിനു പിന്നാലെ വലിയ പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന പരിസ്ഥിതി, ശാസ്ത്ര ഏജന്‍സികള്‍ക്ക് ട്രംപ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതിനെ വിമര്‍ശിച്ച് റോസി, ടിക് ടോക്കില്‍ വിഡിയോ പങ്കുവച്ചിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ മുന്നറിയിപ്പ്. നേരത്തെ, ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിയമപരമായി റോസി ഒ'ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കാന്‍ ട്രംപിനു സാധിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കില്‍ നിന്ന് ഒ'ഡോനലിന്റെ സാഹചര്യം വളരെ വ്യത്യസ്തമാണ്. യുഎസിലെ ന്യൂയോര്‍ക്കിലാണ് റോസി ജനിച്ചത്. യുഎസില്‍ ജനിച്ചവര്‍ക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാന്‍ യുഎസ് പ്രസിഡന്റിനു പോലും അവകാശമില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരാള്‍ക്ക് സ്വയം പൗരത്വം ഉപേക്ഷിക്കണമെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കണം. കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണ് റോസി ഒ'ഡോനല്‍ അയര്‍ലണ്ടിലേക്ക് താമസം മാറിയത്. ഐറിഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണെന്ന് അവര്‍ പറഞ്ഞിരുന്നു.