ഡെന്മാര്‍ക്കില്‍ സ്വയംഭരണ പ്രവിശ്യയായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ച് ട്രംപ് മുന്‍പോട്ട്; ബ്രിട്ടന്റെ അനുമതി തര്‍ക്കവിഷയം; ഡെന്മാര്‍ക്ക് പ്രസിഡന്റും ട്രംപും ഫോണിലൂടെ സംസാരിച്ച് അടിച്ചു പിരിഞ്ഞു
ഡെന്മാര്‍ക്കില്‍ സ്വയംഭരണ പ്രവിശ്യയായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ച് ട്രംപ് മുന്‍പോട്ട്
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിന് തൊട്ടു പിന്നാലേ രാജ്യത്തിന്റെ വിസ്തൃതികൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് അദ്ദേഹത്തിനു വാങ്ങണം. പാനമ കനാലിന്റെ നിയന്ത്രണം വേണം, കാനഡയെ അമേരിക്കയുടെ അമ്പത്തിയൊന്നാം സംസ്ഥാനമാക്കണം, മെക്സിക്കോ ഉള്‍ക്കടലിന്റെ പേരുമാറ്റണം എന്നിങ്ങനെയായിരുന്നു ട്രംപിന്റെ മോഹങ്ങള്‍.
പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ തന്നെ മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടലെന്ന് ട്രംപ് മാറ്റുകയും ചെയ്തിരുന്നു. ഗ്രീന്‍ലന്‍ഡ് വാങ്ങാനൊത്തില്ലെങ്കില്‍ പട്ടാളത്തെ ഉപയോഗിച്ചു പിടിച്ചെടുക്കുമെന്നാണ് ഭീഷണി.അമേരിക്കയുടെ സാമ്പത്തികസുരക്ഷയ്ക്ക് അത് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. 2017 മുതല്‍ 2021 വരെയുള്ള ഒന്നാം ഭരണകാലത്തേ ഗ്രീന്‍ലന്‍ഡില്‍ കണ്ണുവെച്ചതാണ് ട്രംപ്. എന്നാല്‍ ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കുക ട്രംപിന് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇതിനായി ബ്രിട്ടന്‍ കൂടി മനസ് വെച്ചാലേ ട്രംപിന്റെ ആഗ്രഹം സാധിക്കുകയുള്ളൂ. 1917 ലെ ഒരു ഉടമ്പടി പ്രകാരം ഗ്രീന്‍ലന്‍ഡിനെ ആര്‍ക്കെങ്കിലും കൈമാറണം എങ്കില്‍ ആദ്യം ബ്രിട്ടനോട് വാങ്ങാന്‍ ആവശ്യപ്പെടണം. അവര്‍ തയ്യാറല്ലെങ്കില്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും അത് സ്വന്തമാക്കാന്‍ കഴിയൂ. വുഡ്്റോ വില്‍സന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഡെന്‍മാര്‍ക്കിന്റെ കൈവശം ഉണ്ടായിരുന്ന കുറേ ദ്വീപുകള്‍ 25 ദശലക്ഷം ഡോളര്‍ നല്‍കി അമേരിക്ക സ്വന്തമാക്കിയിരുന്നു. ഈ സമയത്ത് ഗ്രീന്‍ലാന്‍ഡ് കൂടി വാങ്ങാന്‍ അമേരിക്ക ശ്രമിച്ചു എങ്കിലും ഡെന്‍മാര്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
ആ സമയത്ത് കാനഡ ബ്രിട്ടന്റെ കോളനിയായിരുന്നു. അത് കൊണ്ട് തന്നെ അതിര്‍ത്തിലുള്ള ഗ്രീന്‍ലന്‍ഡ് വിട്ടുകൊടുക്കാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫെഡറിക്സണുമായി ഇക്കാര്യം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് മുമ്പ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും ഡെന്‍മാര്‍ക്കിലെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. തികച്ചും സൗഹാര്‍ദ്ദ പൂര്‍വ്വമായിരുന്നു ഈ ചര്‍ച്ച നടന്നത്.
എന്നാല്‍ പിന്നീട് ട്രംപ് പ്രധാനമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയത് അത്ര സുഖകരമായ രീതിയില്‍ ആയിരുന്നില്ല. 45 മിനിട്ട് നീണ്ടു നിന്ന സംഭാഷണം അടിച്ചു പിരിയുകയായിരുന്നു. വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി മ്യൂട്ട് എഗേദേയും ട്രംപിന്റെ നിലപാടിനോട് യോജിക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ആര്‍ട്ടിക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലന്‍ഡ്.
മുന്‍പ് ഡെന്മാര്‍ക്കിന്റെ കോളനിയായിരുന്നു. 1979 മുതല്‍ ഡെന്മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമാണ്. നൂക്കാണ് തലസ്ഥാനം. വര്‍ഷത്തില്‍ രണ്ടുമാസംമാത്രം സൂര്യപ്രകാശം ലഭിക്കുന്ന ഗ്രീന്‍ലന്‍ഡിന്റെ 80 ശതമാനം പ്രദേശവും മഞ്ഞുമൂടിക്കിടക്കുന്നു. ബാക്കിഭാഗത്ത് 56,000 പേര്‍ താമസിക്കുന്നു. അതിലേറെയും തദ്ദേശീയരായ ഇന്യൂട്ടുകളാണ്. മീന്‍പിടിത്തമാണ് വരുമാനമാര്‍ഗം.
ഡെന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ഗ്രാന്റായാണ് മൊത്ത ആഭ്യന്തര വരുമാനത്തിന്റെ അഞ്ചിലൊന്നുമെത്തുന്നത്. ഗ്രീന്‍ലന്‍ഡില്‍ തിരഞ്ഞെടുപ്പും സ്വന്തം പ്രധാനമന്ത്രിയുമുണ്ട്. നാടിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ഗ്രീന്‍ലന്‍ഡുകാര്‍തന്നെ. പക്ഷേ, വിദേശകാര്യവും സൈനികകാര്യവും ഡെന്മാര്‍ക്കാണ് നോക്കുന്നത്.