പ്രസിഡന്റ് ട്രംപ് സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കുന്നു; ഒരുങ്ങുന്നത് എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങള്‍; നിലവിലുള്ള ആറായിരം സൈനികരെ കൂടാതെ യു.കെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആയിരം പേരെ കൂടി സുരക്ഷക്കായി നിയോഗിച്ചു

പ്രസിഡന്റ് ട്രംപ് സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കുന്നു;

Update: 2025-07-23 07:37 GMT

എഡിന്‍ബര്‍ഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്‌ക്കോട്ട്ലന്‍ഡ് സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌ക്കാര ചടങ്ങിന് ഏര്‍പ്പെടുത്തിയിരുന്നതിന് തുല്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെയും തയ്യാറാക്കിയിരിക്കുന്നത്. ആറായിരത്തോളം ഉദ്യോഗസ്ഥന്‍മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച സ്‌ക്കോട്ട്ലന്‍ഡില്‍ എത്തുന്ന ട്രംപ് ചൊവ്വാഴ്ച വരെ ഇവിടെ തുടരും. ട്രംപിന്റെ സുരക്ഷക്കായി മൂന്ന് മില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ട്രംപിന് സ്‌ക്കോട്ട്ലന്‍ഡില്‍ സ്വന്തമായി രണ്ട് ഗോള്‍ഫ് കോഴ്സുകളാണ് ഉളളത്. ട്രംപ് ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. നിലവിലുള്ള ആറായിരം സൈനികരെ കൂടാതെ യു.കെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആയിരം പേരെ കൂടി ഉള്‍പ്പെടുത്താനാണ് സര്‍്ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ട്രംപ് താമസിക്കുന്ന ഹോട്ടലിനും ഗോള്‍ഫ് കോഴ്സിനും ചുറ്റും പത്തടി ചുറ്റളവില്‍ ഒരു ഇരുമ്പ് വേലി സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ പരിസരത്തുള്ള റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി ചെക്ക് പോസ്റ്റുകളും ഇവിടെ നിര്‍മ്മിച്ചിരിക്കുകയാണ്.

പ്രെസ്റ്റ്വിക്ക് വിമാനത്താവളത്തില്‍ നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകള്‍ കാണപ്പെട്ടിരുന്നു. അമേരിക്കയുടെ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി എത്തിയിട്ടുണ്ട്. ഇത്രയും പോലീസുകാരെ നിയോഗിച്ചതിലൂടെ

സാധാരണക്കാര്‍ക്ക് അവരുടെ ആവശ്യങ്ങളുമായി പോലീസിനെ സമീപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്ന പരാതിയും ഉയരുകയാണ്. അതേ സമയം ടംപിന്റെ ഈ സന്ദര്‍ശനം തീര്‍ത്തും സ്വകാര്യമാണ്. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുമായി ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്.

ട്രംപ് നേരത്തേ സ്‌ക്കോട്ട്ലന്‍ഡില്‍ സന്ദര്‍ശനം നടത്തിയ അവസരങ്ങളില്‍ എല്ലാം തന്നെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 2018 ല്‍ ട്രംപ് ഇവിടെ എത്തിയ സമയത്ത് ഗോള്‍ഫ് കോഴ്സിന് മുകളില്‍ ഒരു പാരാഗ്ലൈഡറില്‍ പ്രതിഷേധക്കാര്‍ ട്രംപിനെതിരെ ഒരു ബാനര്‍ പറത്തിയിരുന്നു. അന്ന് ഈ പാരാഗ്ലൈഡര്‍ എത്തുമ്പോള്‍ ഹോട്ടലിന്റെ മുന്‍ വശത്ത് നില്‍ക്കുകയായിരുന്നു ട്രംപ്. സുരക്ഷാ ജീവനക്കാര്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അകത്തേക്ക് മാറ്റുകയായിരുന്നു. ബ്രിട്ടനിലെ എല്ലാ തെരുവുകളിലും തങ്ങള്‍ ട്രംപിനും അദ്ദേഹത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും എതിരെ പ്രതിഷേധിക്കുമെന്നാണ് സ്റ്റോപ്പ് ട്രംപ് കോളിഷന്‍ എന്ന പ്രസ്ഥാനം വ്യക്തമാക്കിയിരിക്കുന്നത്.

2022 ല്‍ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സ്‌കോട്ടിഷ് പോലീസിന്റെ ഏറ്റവും വലിയ ഓപ്പറേഷനായിരിക്കും ഇതെന്ന് ട്രംപിന്റെ സന്ദര്‍ശനത്തിനായുള്ള സ്‌കോട്ട്ലന്‍ഡ് പോലീസ് വ്യക്തമാക്കിയിരുന്നു. അയര്‍ഷയര്‍, അബര്‍ഡീന്‍, ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന അനുമാനത്തിലാണ് പോലീസ്. എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍

എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ സന്ദര്‍ശനത്തിന്റെ കൃത്യമായ ഷെഡ്യൂള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല എന്നും അവര്‍ വെളിപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്ക് അവധി നല്‍കുന്നതല്ല എന്നകാര്യം സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

Tags:    

Similar News