ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ; 20 വര്‍ഷം മുമ്പ് നാടുകടത്താന്‍ ഉത്തരവിട്ട കൊടും ക്രിമിനലുകളും നാടുകടത്തപ്പെട്ടത് ട്രംപ് നടപടി കടുപ്പിച്ചതിനെ തുടര്‍ന്ന്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍

ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ

Update: 2025-03-01 08:43 GMT

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ നടപടി സ്വീകരിച്ചു വരികയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും ട്രംപ് തയ്യാറായിട്ടില്ല. ചങ്ങലക്കിട്ട് സൈനിക വിമാനങ്ങളില്‍ നാടുകടത്തല്‍ തുടരുകയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഈ നടപടി അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹത്തായതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ഇതിനോടകം 50,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഒരു മാസത്തോളം സമയം മാത്രമാണ്, ഈ നാടുകടത്തിലിന് വേണ്ടി വന്നത്. ഇനിയും നാടുകടത്തല്‍ തുടരുമെന്ന നിലപാടിലാണ് ട്രംപ്.

അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയതിന് പുറമേ പോകാന്‍ വിസമ്മതിക്കുന്നവരെ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്കും പനാമയിലേക്കുമെല്ലാം മാറ്റിയിട്ടുണ്ട്. അതേസമയം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നാടുകടത്താന്‍ ഉത്തവിട്ട കൊടും ക്രിമിനലുകളെയും ട്രംപ് പറപ്പിച്ചിട്ടുണ്ട്. മയക്കുമരുന്നു മാഫിയാ ബന്ധമുള്ളവരും ലൈംഗിക കുറ്റവാളികളും അടക്കമാണ് നാടുകടത്തപ്പെട്ടത്.

ക്യൂബയില്‍ നിന്നും കുടിയേറിയ 61കാരായ ഒറാമസ എന്നയാള്‍ കൊടിയ ലൈംഗിക കുറ്റവാളിയാണ്. ഇയാളെ നാടുകടത്താന്‍ ഉത്തരവിട്ടത് 2003ലാണ്. എന്നാല്‍, ഇത്രയും കാലമായിട്ടും അമേരിക്കയില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. ഇയാളെ നാടുകടത്തിയത് അടക്കം ട്രംപിന്റെ ഈ കാലഘട്ടത്തിലാണ്. ഹോണ്ടുറാസില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരന്‍ ഐസ് ഫോണിക്‌സിന്റെ കാര്യവും വ്യത്യസ്തമാല്ല. ഇയാളെ 2006ല്‍ നാടുകടത്തില്‍ ഉത്തരവിട്ടതാണ്. ഇയാളെ നാടുകടത്താന്‍ ഒടുവില്‍ ട്രംപ് അധികാരത്തില്‍ വരേണ്ടി വന്നു. ഇത്തരത്തില്‍ കൊടും കുറ്റവാളികളില്‍ ചിലരെ ജയിലുകളിലേക്കാണ് അയച്ചത്.

അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്യൂബയിലെ അമേരിക്കന്‍ നാവികസേനയുടെ അധീനതയിലുള്ള ഗ്വാണ്ടനാമോ സൈനികകേന്ദ്രം നിയമവിരുദ്ധ തടവിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ലോകമാകെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ്. ഇവിടെ 30,000 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുമെന്നാണ് ട്രംപ് പറയുന്നത്. യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആക്ടിങ് ഡയറക്ടര്‍ ടോം ഹോമന്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ എത്രയുണ്ടായാലും അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനവുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍, നിലവില്‍ ഗ്വാണ്ടനാമോയില്‍ വലിയതോതില്‍ ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളില്ല. എന്നാണ് ഇവിടെ ഡിറ്റന്‍ഷന്‍ കേന്ദ്രം പൂര്‍ത്തിയാകുന്നതെന്നോ എത്ര തുക ചെലവാകുമെന്നോ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണ കഴിയുന്നതുവരെ ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാനുള്ള നിയമത്തില്‍ ഒപ്പുവെച്ചത്. ഈ ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്ത് അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്ന കാര്യത്തെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള നിര്‍ദ്ദേശവും ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് നല്‍കി.

'അനധികൃത കുടിയേറ്റക്കാരില്‍ ചിലര്‍ വളരെ മോശക്കാരാണ്. തിരിച്ചയച്ചാലും വീണ്ടും അവര്‍ അമേരിക്കയിലേക്ക് വരാതെ തടയാന്‍ അവരുടെ രാജ്യങ്ങള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കാനും പറ്റില്ല. അവര്‍ തിരികെവരണമെന്ന് നമുക്ക് ആഗ്രഹവുമില്ല. അതുകൊണ്ട് അവരെ ഗ്വാണ്ടനാമോയിലേക്ക് അയക്കാന്‍ പോവുകയാണ്. അവിടെനിന്ന് പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല'- എന്നാണ് ട്രംപ് പറഞ്ഞത്.

Tags:    

Similar News