താരിഫ് യുദ്ധത്തിനിടയിലും ഇന്ത്യയിലേക്ക് കോടികള്‍ ഒഴുക്കി ട്രംപ്; പൂനെയില്‍ ഒരുങ്ങുന്നത് 2,500 കോടി രൂപ മുല്യമുള്ള ട്രംപ് വേള്‍ഡ് സെന്റര്‍; മുംബൈ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിടങ്ങളിലും ട്രംപ് ടവറുകള്‍ വരുന്നു; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകളുള്ള രാജ്യമായി ഇന്ത്യ മാറുമോ?

മുംബൈ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിടങ്ങളിലും ട്രംപ് ടവറുകള്‍ വരുന്നു; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകളുള്ള രാജ്യമായി ഇന്ത്യ മാറുമോ?

Update: 2025-04-05 16:50 GMT

പൂനെ: ന്യൂയോര്‍ക്ക് നഗരത്തിന്റെ കണ്ണായ മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന 58 നിലകളുള്ള, 663 അടി ഉയരമുള്ള ഒരു അംബരചുംബി! അതാണ് ലോകപ്രശസ്തമായ ട്രംപ് ടവര്‍. ട്രംപ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനവും, യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ പെന്റ്ഹൗസ് എന്ന വസതിയും ഈ കെട്ടിടത്തിലുണ്ട്. ട്രംപ് കുടുംബത്തിലെ നിരവധി അംഗങ്ങളും ഈ കെട്ടിടത്തില്‍ താമസിക്കുന്നു.1979-ല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1983 ഫെബ്രുവരി യില്‍ പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍,വാടകക്കാര്‍ കുറവായിരുന്നു. പക്ഷേ മാസങ്ങള്‍ക്കുള്ളില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വിറ്റുതീര്‍ന്നു. ട്രംപിന്റെ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണശേഷം ഇവിടെ സെന്റിമീറ്ററിന് പൊന്നുവിലയായി. വലിയ സുരക്ഷാവലയത്തിലുള്ള ട്രംപ് ടവര്‍ ഇന്നും ലോകത്തിലെ നമ്പര്‍ വണ്‍ ആഡംബര കെട്ടിടമായിട്ടാണ് കണക്കാക്കുന്നത്.

നമ്മുടെ ബോചേയൊക്കെ പരീക്ഷിച്ച സ്വയം ഒരു ബിസിനസ് ബ്രാന്‍ഡ് ആവുക എന്ന തന്ത്രം, അതിനൊക്കെ എത്രയോ മുമ്പ് പയറ്റിയ ആളാണ്, ട്രംപ്. ട്രംപിന്റെ ജനപ്രീതിക്ക് ഒപ്പം ട്രംപ് ടവര്‍ എന്ന ബ്രാന്‍ഡും വളര്‍ന്നു. ഇപ്പോള്‍ ലോകമെമ്പാടും അദ്ദേഹം ട്രംപ് ടവറുകളുടെ ഫ്രാഞ്ചൈസി കൊടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിട്ടും ട്രംപ് സ്വന്തം ബിസിനസുകളില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.




 


ലോകത്തെ ഏറ്റവും മികച്ച വിപണിയാണ് ഇന്ത്യ എന്ന്, കുറുക്കന്റെ ബുദ്ധിയുള്ള ലോകം കണ്ട മിക്ച ബിസിനസുകാരില്‍ ഒരാളാണ് ഡൊണള്‍ഡ് ട്രംപിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ട്രംപ് ടവറും മറ്റുമായി കോടികളാണ് അദ്ദേഹം ഈ താരിഫ് യുദ്ധത്തിനിടയിലും ഇന്ത്യയില്‍ നിക്ഷേപിക്കുന്നതെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ ഉയരുന്നത് നാല് ട്രംപ് ടവറുകള്‍

കോടികളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയില്‍ ഒഴുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1.6 ലക്ഷം ചതുരശ്ര അടിയില്‍ ട്രംപിന്റെ ഓഫീസ് പ്രോജക്റ്റായ ട്രംപ് വേള്‍ഡ് സെന്റര്‍ പൂനെയില്‍ ഉയരുകയാണ്. ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യന്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്കുള്ള നുഴഞ്ഞുകയറ്റം കൂടിയാണ് ഇതു വ്യക്തമാക്കുന്നത്.

ട്രിബേക്ക ഡെവലപ്പേഴ്സും, കുന്ദന്‍ സ്പെയ്സും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ പ്രോജക്ടിന് ഇപ്പോള്‍ തന്നെ 2,500 കോടി രൂപയുടെ വില്‍പ്പന മൂല്യം കണക്കാക്കുന്നു. പൂനെയിലെ കൊറേഗാവ് പാര്‍ക്ക് അനക്സിലെ 4.3 ഏക്കര്‍ പ്ലോട്ടിലാകും ഈ പ്രോജക്ട് ഉയരുക. 27 നിലകളാകും ഈ ടവറില്‍ ഉണ്ടാകുക. പഞ്ച്ഷില്‍ റിയാലിറ്റിയുമായുള്ള ആഡംബര ട്രംപ് ടവര്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിന് ശേഷം, ട്രംപ് ഓര്‍ഗനൈസേഷന്റെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസ് പ്രോജക്റ്റും, രണ്ടാമത്തെ പൂനെ സംരംഭവുമാകും ഇത്.


 



പൂനെയിലെ ട്രംപ് ടവര്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു കരുതുന്നു. ട്രിബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകനായ കല്‍പേഷ് മേത്തയും ട്രംപ് തമ്മിലുള്ള അടുപ്പമാണ് എടുത്തുപറയേണ്ടത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ചുരുക്കം ഇന്ത്യക്കാരില്‍ ഒരാളാണ് ഇദ്ദേഹം. ഉടനടി ഇന്ത്യയില്‍ 3- 4 ട്രംപ് ആഡംബര റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്നും ട്രിബെക്ക ഡെവലപ്പേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ചെറിയ ഓഫീസുകള്‍ക്കും, വലിയ ഓഫീസുകള്‍ക്കും ഒരുപോലെ അനുയോജ്യമയാവയായിരുക്കും ഈ ട്രംപ് ടവര്‍ എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ആഡംബര റീട്ടെയില്‍ ശൃംഖലകള്‍, ഡൈനിംഗ്, ഇന്ത്യയിലെ ആദ്യത്തെ ട്രംപ് ക്ലബ്, സലൂണുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍, സ്പോര്‍ട്സ് സൗകര്യങ്ങള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍ തുടങ്ങിയ സകല സൗകര്യങ്ങളും ടവറില്‍ ഉണ്ടാകും.

ഇതിനുപുറമേ, മുംബൈ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 3.5 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റ് മൂന്ന് ട്രംപ് ടവര്‍ പ്രോജക്ടുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News