ഓണ്‍ലൈന്‍ സേഫ്റ്റി നിയമം ശക്തമാക്കി ബ്രിട്ടന്‍; സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെമേല്‍ പരാതി കിട്ടിയാല്‍ വിദേശികളെ പോലും എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യും; ഹീത്രൂവിലെ അറസ്റ്റ് വന്‍ വിവാദത്തിലേക്ക്; അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പുമായി നൈജല്‍
ഓണ്‍ലൈന്‍ സേഫ്റ്റി നിയമം ശക്തമാക്കി ബ്രിട്ടന്‍
ലണ്ടന്‍: ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങ് വീണിരിക്കുകയാണെന്നും ബ്രിട്ടന്‍ ഒരു ഏകാധിപത്യ രാജ്യമായി മാറുകയാണെന്നും നെയ്ജല്‍ ഫരാജ് ആരോപിച്ചു. ബ്രിട്ടീഷ് അധികൃതര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താല്‍, സാങ്കെതിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവിദേശികള്‍ പോലും വിമാനത്താവളങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഐറിഷ് എഴുത്തുകാരനായ ഗ്രഹാം ലിനെഹാനിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഫരാജിന്റെ പ്രസ്താവന പുറത്തു വന്നത്.
തന്റെ ചില ട്വീറ്റുകളുടെ പേരില്‍ തന്നെ ഇന്നലെ, ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു എന്ന ലിനെഹാനിന്റെ പ്രസ്താവന, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ബ്രിട്ടന്റെ ഓണ്‍ലൈന്‍ സുരക്ഷാ നിയമം, അമേരിക്കക്കാരെ എങ്ങനെ ബാധിക്കും എന്നത് അന്വേഷിക്കുന്ന, ഹൗസ് ജുഡിഷ്യറി കമ്മിറ്റിക്ക് മുന്‍പാകെ തെളിവ് നല്‍കാന്‍ വാഷിംഗ്ടണില്‍ എത്തിയതായിരുന്നു ഫരാജ്. വേനലവധിക്ക് ശേഷമുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച അദ്ദേഹം പങ്കെടുക്കുകയില്ല.
ലിനെഹാന്‍ ഒരു ബ്രിട്ടീഷ് പൗരനല്ലെന്നും, ഐറിഷ് പൗരനാണെന്നും ചൂണ്ടിക്കാണിച്ച ഫരാജ്, അമേരിക്കക്കാര്‍ക്കും സമാനമായ വിധി ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ഉണ്ടായേക്കാമെന്നും കമ്മിറ്റിക്ക് മുന്‍പാകെ പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനും പോലീസിനും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താല്‍ ലിനെഹാന്റെ അനുഭവമായിരിക്കും ആര്‍ക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക രംഗത്തെ പ്രമുഖര്‍ക്ക് ഇത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് സമയത്താണ് ബ്രിട്ടന്‍ ഒരു ഉത്തര കൊറിയയാതെന്നും ഫരാജ് ചോദിച്ചു. ഇത് ഏറെ ആശങ്ക ഉയര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിക്കുന്ന ഒരു സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ സുരക്ഷാ നിയമം ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ഉലയ്ക്കുമെന്ന മുന്നറിയിപ്പും ഫരാജ് നല്‍കുന്നു. പാശ്ചാത്യ ലോകത്തിന്റെ മുഖമുദ്രയായ അഭിപ്രായ സ്വാതന്ത്ര്യം ഇത് ഇല്ലാതെയാക്കുമെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍, ഫരാജിന്റെ വാദങ്ങളെ, കമ്മിറ്റിയിലുള്ള ഡെമോക്രാറ്റിക് അംഗങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
പുടിനെ ആരാധിക്കുന്ന, ട്രംപിന്റെ സ്തുതിപാഠകനായ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനെന്നായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ജാമി റാസ്‌കിന്‍ ഫരാജിനെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്ക് നിയന്ത്രണമുള്ള ഒരു ഹൗസ് ജോയിന്റ് കമ്മിറ്റിയെ ഫരാജ് അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. അമേരിക്കന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും, നവാശയങ്ങള്‍ക്കും യൂറോപ്യന്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ്, പ്രത്യേകിച്ചും യു കെയുടെ ഓണ്‍ലൈന്‍ സുരക്ഷാ ആക്റ്റും, യൂറോപ്യന്‍ യൂണിയന്റെ ഡിസ്ജിറ്റല്‍ സര്‍വീസ് ആക്റ്റും എപ്രകാരമാണ് ഭീഷണിയാകുന്നത് എന്ന് പരിശോധിക്കുവാനുള്ള കമ്മിറ്റിയ്ക്ക് മുന്‍പാണ് അദ്ദേഹം സംസാരിച്ചത്.