ഈ മാസം മാത്രം യുക്രൈന്‍ കശാപ്പ് ചെയ്തത് റഷ്യന്‍ സേനക്കൊപ്പം യുദ്ധത്തിനിറങ്ങിയ 1000 ഉത്തര കൊറിയന്‍ പട്ടാളക്കാരെ; എന്ത് സംഭവിക്കുന്നു എന്നറിയും മുന്‍പ് മരണം കൊണ്ട് പോകുന്നു; പുട്ടിനെ സഹായിക്കാനിറങ്ങിയ കിമ്മിന് പറ്റിയത്

പുട്ടിനെ സഹായിക്കാനിറങ്ങിയ കിമ്മിന് പറ്റിയത്

Update: 2025-01-23 07:17 GMT

പ്യാങ്യാങ്: യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയന്‍ പട്ടാളക്കാരില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. റഷ്യയിലേക്ക് പതിനൊന്നായിരം സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇവരില്‍ നാലായിരത്തോളം പേരില്‍ ചിലര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ കാണാതാകുകയോ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.

ഈ മാസം പകുതിയോടെ തന്നെ ഇവരില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് പേര് വെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങള്‍

അറിയിക്കുന്നത്. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ സ്റ്റോം കോര്‍പ്സ് എന്നറിയപ്പെടുന്ന സൈനിക വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മതിയായ പരിശീലനമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ ഇവരെ യുദ്ധമുഖത്തേക്ക് തള്ളിവിട്ടതെന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടീഷ് സൈന്യത്തിലെ മുന്‍ കമാന്‍ഡറായ ഒരു വ്യക്തി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് യുദ്ധം ചെയ്ത് യാതൊരു മുന്‍പരിചയവും ഇല്ലാത്ത റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരാണ് ഈ കൊറിയന്‍ സൈനികരെ നയിച്ചതെന്നാണ്. ഉത്തരകൊറിയയലെ പരമോന്നത നേതാവായ കിംജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി മികച്ച സൗഹൃദത്തിലാണ്. അത് കൊണ്ട് തന്നെയാണ് പുട്ടിനെ യുദ്ധത്തില്‍ സഹായിക്കാന്‍ സ്വന്തം സൈനികരെ അയയ്ക്കാന്‍ തീരുമാനിച്ചത്.

ഏതായാലും ഇതിന് പുട്ടിന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. യുക്രൈനെ നിസാരമായി തോല്‍പ്പിക്കാം എന്ന് കരുതി യുദ്ധം ആരംഭിച്ച റഷ്യ എന്നാല്‍ ഇപ്പോള്‍ യുക്രൈന് മുന്നില്‍ നട്ടംതിരിയുന്ന കാഴ്ചയാണ് കാണുന്നത്. റഷ്യയുടെ കിലോമീറ്ററുകളോളം ഭൂമി യുക്രൈന്‍ പിടിച്ചെടുത്തത് ഇനിയും തിരികെ പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടുമില്ല. ഉത്തരകൊറിയന്‍ സൈനികരെ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പരിചയായിട്ടാണ് ഉപയോഗിക്കുന്നതെന്നും ആരോപണം ഉയരുകയാണ്.

റഷ്യന്‍ സൈന്യത്തിലെ ഉന്നതര്‍ കൊറിയന്‍ സൈനികര്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല എന്നും പരാതി ഉയരുകയാണ്. അടുത്ത മൂന്ന്് മാസത്തിനുള്ളില്‍ നിരവധി കൊറിയന്‍ സൈനികര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ മാസമാദ്യം യുക്രൈന്‍ പ്രസിഡന്റ വ്ളാഡിമിര്‍ സെലന്‍സ്‌കി വെളിപ്പെടുത്തിയത് കുര്‍സ്‌ക്കില്‍ മാത്രം 3800 ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ്. ഓരോ ദിവസവും 90 ല്‍ അധികം കൊറിയന്‍ സൈനികരാണ് കൊല്ലപ്പെടുന്നത് എന്നാണ് കണക്ക്.

Tags:    

Similar News