റഷ്യയുമായുളള ഇന്ത്യന്‍ കമ്പനികളുടെ വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ല; 19 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം; ഉപരോധം തങ്ങളെ ബാധിക്കില്ലെന്ന് മിക്ക കമ്പനികളും

19 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

Update: 2024-11-02 12:41 GMT

ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് 19 ഇന്ത്യന്‍ കമ്പനികള്‍ക്കും രണ്ട് പൗരന്മാര്‍ക്കും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ. യുഎസ് ആരോപണം ഉന്നയിച്ച റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

19 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ യുക്രെയ്നെതിരെ യുദ്ധം ചെയ്യാന്‍ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നല്‍കിയെന്നാണ് യു.എസ് ആരോപിച്ചു കൊണ്ടാണ് നടപടി.

ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട ഷ്രീഗീ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡും, ടി എസ് എം ഡി ഗ്ലോബലും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉപരോധം ബാധിക്കില്ലെന്ന് വ്യക്തമാക്കി. ' എന്തുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അറിയില്ല. പക്ഷേ അതുഞങ്ങളെ ബാധിക്കില്ല. കാരണം ഞങ്ങള്‍ക്ക് അമേരിക്കയിലേക്ക് കയറ്റുമതിയോ ഇറക്കുമതിയോ ഇല്ല', ഷ്രീഗീ ഇംപെക്‌സിന്റെ ഡയറക്ടര്‍ പ്രവീണ്‍ ത്യാഗി പ്രതികരിച്ചു. ' ഞങ്ങള്‍ ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ വിതരണക്കാരാണ്. ഞങ്ങള്‍ യുഎസുമായി ഒരു ബിസിനസിലും ഏര്‍പ്പെടുന്നില്ല. റഷ്യയുമായുള്ള ഞങ്ങളുടെ ബിസിനസ് സാധാരണ പോലെ തുടരും', ടി എസ് എം ഡി ഗ്ലോബല്‍ ഡയറക്ടര്‍ രാഹുല്‍ കുമാര്‍ സിങ് വ്യക്തമാക്കി.


അഭാര്‍ ടെക്‌നോളജീസ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെന്‍വാസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, എംസിസ് ടെക്, ഗ്യാലക്‌സി ബെയറിങ്‌സ് ലിമിറ്റഡ്, ഓര്‍ബിറ്റ് ഫിന്‍ട്രേഡ് എല്‍.എല്‍.പി, ഇന്നോവിയോ വെഞ്ച്വേഴ്‌സ്, കെ.ഡി.ജി. എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഖുശ്ബു ഹോനിങ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീന്‍സ് ലിമിറ്റഡ്, പോയിന്റര്‍ ഇലക്ട്രോണിക്‌സ്, ആര്‍.ആര്‍.ജി. എഞ്ചിനീയറിങ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാര്‍പ്പ്‌ലൈന്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ശൗര്യ എയ്‌റോനോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഷ്രീഗീ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രേയ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയത്.

അസന്റ് ഏവിയേഷന്‍ ഇന്ത്യ, മാസ്‌ക് ട്രാന്‍സ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആന്‍ഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യന്‍ കമ്പനികള്‍. ഏതാണ്ട് 200,000 ഡോളര്‍ മൂല്യമുള്ള യു.എസ് നിര്‍മിത എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയിലായി അസന്റ് ഏവിയേഷന്‍ ഇന്ത്യ റഷ്യന്‍ കമ്പനികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം

2023 ജൂണിനും 2024 ഏപ്രിലിനുമിടയില്‍ മൂന്ന് ലക്ഷം ഡോളറിന്റെ വ്യോമയാന ഘടകങ്ങള്‍ റഷ്യയുടെ എസ്7 എന്‍ജിനീയറിങ് എല്‍.എല്‍.സിക്ക് നല്‍കിയെന്നാണ് മാസ്‌ക് ട്രാന്‍സിനെതിരായ കണ്ടെത്തല്‍. മൈക്രോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രോസസറുകളും റഷ്യന്‍ കമ്പനികള്‍ക്ക് നല്‍കിയെന്നാണ് ടി.എസ്.എം.ഡിക്കെതിരായ ആരോപണം.

റഷ്യക്ക് സഹായം നല്‍കിയെന്നാരോപിച്ച് ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തത്. ഇന്ത്യക്കൊപ്പം ചൈന, മലേഷ്യ, തായ്ലന്‍ഡ്, തുര്‍ക്കിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും സ്ഥാപനങ്ങളെയും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റഷ്യക്ക് ആയുധങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൈമാറിയതിനാണ് പ്രധാനമായും കമ്പനികള്‍ക്കെതിരെ നടപടി. റഷ്യക്ക് സൈനിക സഹായം ലഭിക്കുന്ന എല്ലാ വഴികളും തടയുമെന്നാണ് യു.എസ് നയം. രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. അതിനാല്‍ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

'യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരും.' -യു.എസ്. പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News