ഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇസ്രായേലിന് 'താഡ്' സംവിധാനമെത്തിച്ചു; പിന്നാലെ ഇസ്രായേലിന് യുഎസ് മുന്നറിയിപ്പും; 'ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും'

ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും'

Update: 2024-10-17 02:10 GMT

വാഷിങ്ടണ്‍: ഇസ്രായേലിന്റെ സ്വയംപ്രതിരോധ ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് ഒപ്പം അവര്‍ക്ക് മുന്നറിപ്പു നല്‍കിയും അമേരിക്ക. ഇസ്രായേലിന്റെ രക്ഷക്ക് കൂടുതല്‍ സൈനികരെ അയക്കുകയും അത്യാധുനിക 'താഡ്' മിസൈല്‍ പ്രതിരോധ സംവിധാനമെത്തിക്കുകയും ചെയ്തതിനു പിറകെയാണ് നെതന്യാഹുവിന് യു.എസ് വക ഭീഷണി എത്തിയത.

ഗസ്സയില്‍ മാനുഷിക സഹായം എത്തിക്കുന് കാര്യത്തിലാണ് മുന്നറിയിപ്പു നല്‍കിയത്. ഇസ്രായേലിലെ മാനുഷികദുരിതത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ഇസ്രായേലിനു ഭീഷണിയുമായി അമേരിക്ക. ഒരു മാസത്തിനകം ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും അടിയന്തര സഹായം എത്തിക്കാനും നടപടിയുണ്ടായില്ലെങ്കില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കിയതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഒപ്പുവെച്ച കത്തിലാണ് ഇസ്രായേലിനി യുഎസ് വാണിങ് നല്‍കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വലിയ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് സുരക്ഷാ സഹായം ലഭിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമായി പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷനല്‍ സെക്യൂരിറ്റി മെമോറാണ്ടം പുറത്തിറക്കിയിരുന്നു. ഇതില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ബാധ്യതയുണ്ട്. ഇതുണ്ടായില്ലെങ്കില്‍ സൈനിക സഹായവും നിര്‍ത്തുമെന്നാണ് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയ്ക്കുള്ള സഹായങ്ങളില്‍ 50 ശതമാനത്തിന്റെ ഇടിവുണ്ടായതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്രമണം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ സഹായമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സയ്ക്കുള്ള മാനുഷിക സഹായത്തിന്റെ തോത് വര്‍ധിപ്പിക്കണം, ജോര്‍ദാന്‍ വഴിയുള്ള സഹായ വിതരണത്തിനു സൗകര്യമൊരുക്കണം, വടക്കന്‍ ഗസ്സയ്ക്കുമേല്‍ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും കത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ ദിവസങ്ങളായി തുടരുന്ന സൈനിക നീക്കം ലക്ഷങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ഗസ്സയിലേക്ക് എല്ലാവിധ സഹായങ്ങളും മുടക്കിയും നാടുവിടാന്‍ പോലും അനുവദിക്കാതെയും വിവിധ മേഖലകളില്‍ കൂട്ടക്കൊല തുടരുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. മറ്റു വഴികളെല്ലാം ഇസ്രായേല്‍ മുറിച്ചുകളഞ്ഞതിനാല്‍ യു.എന്‍ ഏജന്‍സികള്‍ നല്‍കുന്ന സഹായം മാത്രമാണ് നിലവില്‍ വടക്കന്‍ ഗസ്സയിലുള്ളവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്നത്. ഇതുകൂടി നിര്‍ത്തുന്നത് നാലു ലക്ഷം ഫലസ്തീനികളെ മഹാദുരിതത്തിലാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം പിന്നിട്ട് തുടരുന്ന വംശഹത്യയെ സഹായിച്ച് ഇസ്രായേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് യു.എസാണ്. യുദ്ധവിമാനങ്ങള്‍, ബോംബുകള്‍, മിസൈലുകള്‍, ഷെല്ലുകള്‍ എന്നിവയിലേറെയും യു.എസ് എത്തിച്ചുനല്‍കുന്നതാണ്. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തുടരുന്ന അധിനിവേശം 17 ലക്ഷം ഫലസ്തീനികളെയാണ് ഒട്ടും സൗകര്യങ്ങളില്ലാത്ത അല്‍മവാസി അഭയാര്‍ഥി ക്യാമ്പിനുള്ളില്‍ നരകിച്ചുകഴിയാന്‍ നിര്‍ബന്ധിതരാക്കിയത്. അടിയന്തരമായി പ്രതിദിനം 350 ലോറി സഹായമെത്തിക്കാന്‍ അനുവദിക്കണമെന്നാണ് യു.എസ് ആവശ്യം.

കത്തിനു പിന്നാലെ വടക്കന്‍ ഗസ്സയിലേക്ക് സഹായ ട്രക്കുകള്‍ കടത്തിവിട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചക്കിടെ ആദ്യമായാണ് അതിര്‍ത്തി കടക്കാന്‍ ട്രക്കുകള്‍ക്ക് അനുമതി ലഭിച്ചത്. കറം അബൂസാലിം, എറസ് ക്രോസിങ്ങുകള്‍ വഴി 145 സഹായ ട്രക്കുകള്‍ വടക്കന്‍ ഗസ്സയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Tags:    

Similar News