തൃണമൂൽ കോൺഗ്രസ് എംപി പാർലമെന്റിൽ നിരോധിത ഇ-സിഗരറ്റ് ഉപയോഗിച്ചെന്ന് അനുരാഗ് താക്കൂർ; നടപടി ആവശ്യപ്പെട്ട് ബിജെപി; 'പുറത്ത് പുകവലിക്കാം' എന്ന് മറുപടി

Update: 2025-12-11 13:55 GMT

ന്യൂഡൽഹി: ലോക്‌സഭയ്ക്കുള്ളിൽ നിരോധിത ഇ-സിഗരറ്റ് സ്ഥിരമായി ഉപയോഗിച്ചതിന് ഒരു തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അനുരാഗ് താക്കൂർ. ചോദ്യോത്തര വേളയ്ക്കിടെയാണ് അനുരാഗ് താക്കൂർ ഈ വിഷയം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്.

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ടിഎംസി അംഗം സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് നിരന്തരം ഉപയോഗിക്കുന്നുണ്ട്," പേര് പറയാതെ താക്കൂർ ആരോപിച്ചു. രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് ഏതാനും വർഷങ്ങൾക്കു മുൻപ് നിരോധനം ഏർപ്പെടുത്തിയിരുന്നു എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്, പ്രതിപക്ഷ എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി ബിജെപി അംഗങ്ങൾ രംഗത്തെത്തി. രേഖാമൂലം പരാതി നൽകുകയാണെങ്കിൽ നടപടിയെടുക്കാമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉറപ്പ് നൽകി. സഭയുടെ അന്തസ്സ് നിലനിർത്തണമെന്ന് അദ്ദേഹം അംഗങ്ങളോട് അഭ്യർത്ഥിച്ചു.

എന്നാൽ, ബിജെപി ആരോപണത്തോട് പ്രതികരിച്ച ടിഎംസി എംപി സൗഗത റോയ്, പാർലമെന്റ് മന്ദിരത്തിന് പുറത്ത് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെന്ന് പറഞ്ഞു. "കെട്ടിടത്തിന് അകത്ത് പുകവലിക്കാൻ കഴിയില്ല, പക്ഷേ പുറത്ത് കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ, പാർലമെന്റിന്റെയും ഭരണഘടനയുടെയും അന്തസ്സ് കളഞ്ഞുകുളിച്ച എംപിക്കെതിരെ ടിഎംസി നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ആവശ്യപ്പെട്ടു. 2019 മുതൽ രാജ്യത്ത് ഇ-സിഗരറ്റുകൾ പൂർണ്ണമായി നിരോധിച്ചതാണെന്നും അത്തരമൊരു വസ്തു പാർലമെന്റ് പരിസരത്തേക്ക് കൊണ്ടുവരുന്നത് നിയമത്തിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News