ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപിക്ക് പുതിയ ദേശീയ അദ്ധ്യക്ഷന്‍; പേരുകള്‍ ക്യാന്‍വാസ് ചെയ്യാന്‍ നൂറോളം ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി തകൃതിയായി കൂടിയാലോചന; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വൈകാന്‍ കാരണങ്ങള്‍ ഇങ്ങനെ
ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപിക്ക് പുതിയ ദേശീയ അദ്ധ്യക്ഷന്‍
ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി പുതിയ ദേശീയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. പുതിയ അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് പുതിയ അദ്ധ്യക്ഷ തിരഞ്ഞൈടുപ്പ് വൈകിയതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
വൈകാന്‍ കാരണങ്ങള്‍
വിപുലമായ രീതിയില്‍ കൂടിയാലോചനകള്‍ നടന്നുവരുന്നതാണ് തീരുമാനം വൈകാന്‍ മുഖ്യ കാരണം. പേരുകള്‍ക്കായി ക്യാന്‍വാസ് ചെയ്യാന്‍ ബിജെപിയും ആര്‍എസ്എസും 100 ഓളം ഉന്നത നേതാക്കളുമായി കൂടിയാലോചന നടത്തി. മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, ഭരണഘടനാ പദവികള്‍ വഹിച്ചിട്ടുളള ആര്‍ എസ് എസിന്റെയോ, ബിജെപിയുടെയോ നേതാക്കന്മാര്‍ എന്നിവരുമായെല്ലാം സംസാരിച്ചു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്
മറ്റൊരു കാരണം സെപ്റ്റംബര്‍ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. ഈ സമയത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ മാസം ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയോടെ സംഗതികള്‍ മാറി മറിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പരമാവധി വോട്ടുകളോടെ ജയിപ്പിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുഖ്യസംസ്ഥാന യൂണിറ്റുകളില്‍ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണം
മൂന്നാമത്തെ കാരണം പ്രധാന സംസ്ഥാന യൂണിറ്റുകളായ ഗുജറാത്ത്, യുപി, കര്‍ണാടക എന്നിവിടങ്ങളില്‍ അദ്ധ്യക്ഷന്മാരെ നിശ്ചയിക്കാത്തതാണ്. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി അദ്ധ്യക്ഷന്മാരെ നിയമിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടി ഭരണഘടനയും ഇക്കാര്യം അനുശാസിക്കുന്നുണ്ട്. ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും മുമ്പ് 36 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 19 ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷന്‍ ഉണ്ടായിരിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്.
കഴിഞ്ഞ മാസം 28 സംസ്ഥാനങ്ങളില്‍ ബിജെപി അത് പൂര്‍ത്തിയാക്കി. യുപിക്കും ഗുജറാത്തിനും കര്‍ണാടകയ്ക്കും പുറമേ ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുണ്ട്. പഞ്ചാബില്‍ ബിജെപി ഒരു വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചിട്ടുണ്ട്.
2020 ജനുവരിയില്‍ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെ പി നഡ്ഡയ്ക്ക് മൂന്നുവര്‍ഷ കാലാവധിക്ക് ശേഷം രണ്ടുതവണ കാലാവധി നീട്ടി കൊടുത്തു. ആദ്യത്തേത് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണവും രണ്ടാമത്തേത് സംഘടനാ കാര്യത്താലും. മണ്ഡല അദ്ധ്യക്ഷന്മാരുടെ കാര്യത്തില്‍, പ്രായപരിധി 40 ല്‍ താഴെയായി നിശ്ചയിട്ടുണ്ട്. അടുത്ത തലമുറ നേതാക്കളെ തിരഞ്ഞെടുക്കാന്‍ കളമൊരുക്കുന്നതിനാണ് ഈ തീരുമാനം. ജില്ലാ, സംസ്ഥാന അദ്ധ്യക്ഷ സ്ഥാനാര്‍ഥികള്‍ ബിജെപിയില്‍ 10 വര്‍ഷമെങ്കിലും സജീവാംഗമായിരുന്നവര്‍ ആയിരിക്കണം. മറ്റുപാര്‍ട്ടികളില്‍ നിന്നുകടന്നുവരുന്ന നേതാക്കള്‍ ഉന്നത പദവികള്‍ കയ്യടക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകരില്‍ അതൃപ്തി നിലനില്‍ക്കുന്നതിനാലാണ് ഈ ചട്ടം വച്ചത്. എന്നാല്‍, ചിലയിടങ്ങളില്‍ ഒഴിവുകള്‍ നല്‍കിയിട്ടുണ്ട്.