ഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി

ഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള

Update: 2025-11-05 07:33 GMT

ന്യൂഡല്‍ഹി: വോട്ടുകൊള്ളയില്‍ വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയെന്ന ആരോപണം ഉയര്‍ത്തിയാണ് രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഹരിയാണ തിരഞ്ഞെടുപ്പിലെ വോട്ടുകൊള്ള നടന്നുവെന്നാണ് രാഹുല്‍ ആരോപിച്ചത്. ഒരു സംസ്ഥാനത്തെ വോട്ടുകള്‍ മുഴുവന്‍ കൊള്ളയടിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് 25 ലക്ഷം വോട്ടുകള്‍ കവര്‍ച്ചചെയ്യപ്പെട്ടു. ഒരാള്‍ പത്ത് ബൂത്തുകളിലായി 22 തവണ വോട്ടുചെയ്‌തെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തതിന്റെയടക്കം നിരവധി തെളിവുകള്‍ രാഹുല്‍ പുറത്തുവിട്ടു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രവും രാഹുല്‍ പുറത്തുവിട്ടു. 93174 തെറ്റായ വിലാസങ്ങളിലും വോട്ട് രേഖപ്പെടുത്തി. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഹരിയാണയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. ഇവിടെ 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചെയ്യപ്പെട്ടു. ഇത്തരത്തില്‍ എട്ട് വോട്ടുകളില്‍ ഒന്ന് കള്ള വോട്ടാണെന്നും രാഹുല്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി. ഒരു അസംബ്ലി സീറ്റില്‍ ഒരാള്‍ മാത്രം നൂറ് വോട്ട് ചെയ്‌തെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' ആണ്. ഒരു സര്‍ക്കാരിനെ തന്നെയാണ് തട്ടിയെടുത്തത്. കോണ്‍ഗ്രസ് ജയിക്കുമെന്ന് മിക്കവാറും സര്‍വേകള്‍ പ്രവചിച്ചപ്പോഴാണ് എന്‍ഡിഎ വിജയിച്ചതെന്നും രാഹുല്‍ പറഞ്ഞു.

വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. കോണ്‍ഗ്രസിന്റെ വിജയം ഹരിയാനയില്‍ അട്ടിമറിച്ച് പരാജയമാക്കി മാറ്റി. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എല്ലാ സൂചനകളും സര്‍വേകളും കോണ്‍ഗ്രസ് ജയം പ്രവചിച്ചപ്പോള്‍ ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.

കോണ്‍ഗ്രസ് തോറ്റ 8 മണ്ഡലങ്ങളില്‍ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയില്‍ നടന്നെന്നാണ് രാഹുല്‍ ആരോപിച്ചത്. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും രാഹുല്‍ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. എന്നാല്‍ എല്ലാത്തിന്റേയും തെളിവുകള്‍ കയ്യിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. മറ്റൊരു ഫോട്ടോയിലുള്ള സ്ത്രീക്ക് 100 സ്ഥലങ്ങളിലാണ് വോട്ടെന്ന് വോട്ടര്‍പട്ടികയിലെ പേര് കാട്ടി രാഹുല്‍ പറഞ്ഞു.

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വോട്ടുക്രമക്കേട് സംബന്ധിച്ച രാഹുലിന്റെ പുതിയ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്. 121 മണ്ഡലങ്ങളില്‍ 1314 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 11-നാണ്. 14-നാണ് ഫലപ്രഖ്യാപനം.

Tags:    

Similar News