ഭരണത്തുടർച്ചയും പുരോഗതിയും ഉയർത്തിക്കാട്ടി എൻഡിഎ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകി മഹാസഖ്യം; ബിഹാർ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; 121 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും
പട്ന: ബിഹാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. 121 സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി നിശബ്ദ പ്രചരണം ആരംഭിച്ചു. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മണ്ഡലങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ്. പട്ന, വൈശാലി, മുസാഫർപുർ, ഗോപാൽഗഞ്ച് തുടങ്ങിയ പ്രദേശങ്ങൾ ഒന്നാംഘട്ടത്തിൽ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും (എൻ.ഡി.എ), രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യവും (ഇന്ത്യ ബ്ലോക്ക്) തമ്മിലാണ് പ്രധാന പോരാട്ടം.
എൻഡിഎ ഭരണത്തുടർച്ചയും വികസന പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതിയും ഉയർത്തിക്കാട്ടി പ്രചരണം നടത്തിയപ്പോൾ, മഹാസഖ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ആശ്വാസത്തിനും ഊന്നൽ നൽകി. പ്രചാരണത്തിന്റെ അവസാന ദിവസം, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് 'മായി ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകൾക്ക് 30,000 രൂപ നൽകുമെന്ന വാഗ്ദാനം സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് മുന്നോട്ട് വെച്ചിരുന്നു.
മൊകാമ മണ്ഡലത്തിലെ ഒരു കൊലപാതക കേസിൽ ജെ.ഡി.യു സ്ഥാനാർത്ഥി അനന്ത് സിംഗിന്റെ അറസ്റ്റ് അവസാന ലാപ്പിലെ പ്രചാരണത്തിൽ പാർട്ടിക്കെതിരെ ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കി പ്രചരണ രംഗത്തിറക്കി ജെ.ഡി.യു പരീക്ഷണം നടത്തുന്നുണ്ട്. നവംബർ 14-നാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ നടക്കുന്നത്.