കേരളത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ അധികാരമാറ്റം? കര്‍ണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാര്‍; സമയമാകുമ്പോള്‍ സിദ്ധരാമയ്യ തന്നെ വെളിപ്പെടുത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി; സിദ്ധരാമയ്യപക്ഷ എംഎല്‍എമാരില്‍ ചിലരുടെ വിദേശയാത്ര അടക്കം അധികാര കൈമാറ്റവുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

കേരളത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ അധികാരമാറ്റം?

Update: 2026-02-19 00:52 GMT

ബെംഗളൂരു: ഒടുവില്‍ കര്‍ണാടകത്തില്‍ ഡികെയുടെ സമയം തെളിയുന്നു. കുറച്ചുകാലമായി ഉന്നയിക്കു്ന്ന അധികാര കൈമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെ വെളിപ്പെടുത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമെടുത്തിട്ടുണ്ട്. സമയമാകുമ്പോള്‍ സിദ്ധരാമയ്യതന്നെ വെളിപ്പെടുത്തുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായാല്‍ അധികാര കൈമാറ്റം ഉണ്ടാകുമെന്നാണ് സൂചന.

സിദ്ധരാമയ്യപക്ഷ എം.എല്‍.എ.മാരില്‍ ചിലര്‍ ഒരുമിച്ച് വിദേശയാത്രനടത്തുന്നത് അധികാരമാറ്റവുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് അധികാരമാറ്റം ഉടനുണ്ടാകില്ലെന്ന് സിദ്ധരാമയ്യപക്ഷം വാദിക്കുന്നതിനിടെയാണ് മാറ്റമുണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കുന്ന വിധത്തില്‍ ശിവകുമാറിന്റെ പ്രതികരണം. അധികാര കൈമാറ്റത്തിന് തയ്യാറാകാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ശിവകുമാര്‍.

ഇതേസമയം, എം.എല്‍.എ.മാരുടെ യാത്രയിലുണ്ടാകുമെന്ന് പറയപ്പെട്ടിരുന്ന മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കിടേശ് അതില്‍നിന്ന് പിന്‍മാറി. താന്‍ വിദേശത്തേക്ക് പോകുന്നില്ലെന്നും യാത്രയില്‍ ഉള്‍പ്പെട്ടവര്‍ സ്വന്തം പണം ഉപയോഗിച്ചാണ് പോകുന്നതെന്നും വെങ്കിടേശ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യാത്ര ക്രമീകരിച്ചതെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്.

യാത്രയെക്കുറിച്ച് അറിയില്ലെന്ന് ശിവകുമാര്‍ പ്രതികരിച്ചു. ആരെങ്കിലും സ്‌പോണ്‍സര്‍ചെയ്ത യാത്രയാണോ, എം.എല്‍.എ.മാര്‍ സ്വന്തമായി പോകുന്നതാണോയെന്ന് തനിക്ക് അറിയില്ല. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ എന്നനിലയില്‍ തനിക്ക് ഇങ്ങനെയൊരു യാത്രയെക്കുറിച്ച് അറിയിപ്പുലഭിച്ചിട്ടില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

യാത്ര വലിയ ചര്‍ച്ചയായതോടെയാണ് മന്ത്രി ഇതില്‍നിന്ന് പിന്‍മാറിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കര്‍ണാടകത്തിലും അധികാരമാറ്റത്തിന് സാധ്യതയുണ്ട്. സര്‍ക്കാരിന്റെ അവസാന ഒരുവര്‍ഷം ശിവകുമാറിനായി ഒഴിയാമെന്ന് സിദ്ധരാമയ്യ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഒരു വര്‍ഷംകൊണ്ട് തുടര്‍ഭരണം ഉറപ്പിക്കാന്‍ എളുപ്പമല്ലെന്നും അതിനാല്‍ അധികാരമാറ്റം ഉടന്‍ വേണമെന്നുമാണ് ശിവകുമാറിന്റെ ആവശ്യം. അതിനാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന മേയില്‍ അധികാര മാറ്റത്തിന് സാധ്യതയുണ്ട്.

2023 മേയ് 20ന് അധികാരത്തിലേറിയ സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ടര വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യം ശക്തമായത്. നേതൃമാറ്റം ഉചിതമായ സമയത്തുണ്ടാകുമെന്ന് ഡികെയ്ക്ക് മുന്‍പ് ഉറപ്പു നല്‍കിയിരുന്ന നേതൃത്വം അത് എപ്പോഴാണെന്നു വ്യക്തമാക്കിയിട്ടില്ല.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സിദ്ധരാമയ്യ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ശിവകുമാര്‍ പക്ഷത്തെ ചില എം.എല്‍.എമാര്‍ നേതൃമാറ്റത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത്തരം തര്‍ക്കങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. സിദ്ധരാമയ്യ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടിയില്‍ നിലവില്‍ ആശയക്കുഴപ്പങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ വ്യക്തമാക്കിയത്.

തങ്ങള്‍ തമ്മില്‍ ഭിന്നതകളില്ലെന്നും സഹോദരങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡി.കെ. ശിവകുമാറും ആവര്‍ത്തിച്ചു. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരിലാണെന്ന് ബി.ജെ.പി പരിഹസിച്ചിരുന്നു.

Tags:    

Similar News