രണ്ട് സംസ്ഥാനങ്ങളില്‍ വോട്ടര്‍; പ്രശാന്ത് കിഷോറിന്റെ പേര് ബംഗാള്‍, ബിഹാര്‍ വോട്ടര്‍ പട്ടികകളില്‍; ജനസുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ചലനം ഉണ്ടാക്കാന്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ വിവാദം; പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-10-28 10:28 GMT

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജനസുരാജ് പാര്‍ട്ടിയുടെ സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധം. ബിഹാറിലെയും പശ്ചിമ ബംഗാളിലെയും വോട്ടര്‍ പട്ടികകളില്‍ പേരുള്ളതിനെ തുടര്‍ന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ബിഹാറില്‍, കാര്‍ഗഹാര്‍ മണ്ഡലത്തിലെ (സസാരം, റോഹ്താസ് ജില്ല, ബീഹാര്‍) റിട്ടേണിംഗ് ഓഫീസറാണ് പ്രശാന്ത് കിഷോറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കാര്‍ഗഹാറിലെ പാര്‍ട്ട് 367 (മിഡില്‍ സ്‌കൂള്‍, കൊണാര്‍, നോര്‍ത്ത് സെക്ഷന്‍) ബൂത്ത് നമ്പര്‍ 621-ല്‍, EPIC നമ്പര്‍ 1013123718 പ്രകാരം അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ സെന്റ് ഹെലന്‍ സ്‌കൂളിലെ വോട്ടര്‍ പട്ടികയിലും പേരുള്ളതാണ് പ്രശ്‌നമായത്.

ബംഗാളില്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിയമസഭാ മണ്ഡലമായ ഭവാനിപൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തുള്ള '121 കാളിഘട്ട് റോഡ്' ആണ് വിലാസമായി നല്‍കിയിരിക്കുന്നത്. ഇവിടെ സെന്റ് ഹെലന്‍ സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു.

ബിഹാറില്‍, കാര്‍ഗഹാര്‍ നിയമസഭാ മണ്ഡലത്തിലെ 'സസാരം' പാര്‍ലമെന്റ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. റോഹ്താസ് ജില്ലയിലെ കൊണാര്‍ എന്ന അദ്ദേഹത്തിന്റെ പിതൃഗ്രാമത്തിലെ വിദ്യാലയമാണ് ഇവിടുത്തെ പോളിങ് സ്റ്റേഷന്‍. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ബിഹാറില്‍ വോട്ടറായി പേര് ചേര്‍ത്തെന്ന് അദ്ദേഹത്തിന്റെ ടീം സൂചിപ്പിക്കുന്നു. ബംഗാളിലെ വോട്ടര്‍ കാര്‍ഡ് റദ്ദാക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ അപേക്ഷയുടെ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം, ഒരാള്‍ക്ക് ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. ഈ വ്യവസ്ഥയുടെ ലംഘനം സെക്ഷന്‍ 31 പ്രകാരം ശിക്ഷാര്‍ഹമാണെന്നും, ഒരു വര്‍ഷം വരെ തടവ്, പിഴ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു ദിവസത്തിനുള്ളില്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    

Similar News