ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച കേന്ദ്ര നടപടി: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍

പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍

Update: 2025-02-06 11:14 GMT

ന്യൂഡല്‍ഹി : ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ ട്രംപിനെ ന്യായീകരിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. പാര്‍ലമെന്റിന്റെ മുന്നില്‍ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. എംപിമാരായ എ എ റഹിം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍, ജോസ് കെ മാണി, സു വെങ്കിടേശന്‍, വി സെല്‍വരാജ്, ആര്‍ സച്ചിദാനന്ദം എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. 104 പേരെയാണ് കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.

നാടുകടത്തലില്‍ യുഎസിനെയും ഡോണള്‍ഡ് ട്രംപിനെയും ന്യായീകരിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്. നാടുകടത്തല്‍ പുതിയ സംഭവമല്ലെന്നും യുഎസ് മുമ്പും ഇന്ത്യക്കാരെ നാടു കടത്തിയിട്ടുണ്ടെന്നുമായിരുന്നു വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. വിലങ്ങ് വച്ചത് യുഎസിന്റെ രീതിയാണെന്നു പറഞ്ഞ് നടപടിയെ ന്യായീകരിച്ച മന്ത്രി സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചില്ലെന്നും പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ പൗരന്മാരോടുള്ള അമേരിക്കയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ എതിര്‍ക്കാത്തതിലൂടെ അമേരിക്കയുടെ നടപടികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന മോദി സര്‍ക്കാരിന്റെ ഭീരുത്വമാണ് പ്രകടമാകുന്നതെന്ന് സിപിഐ എം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News