160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടിയത് എം വി എ
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് ധാരണാ ചര്‍ച്ച തുടങ്ങിയപ്പോള്‍ മഹായുതി സഖ്യത്തില്‍ വിലപേശല്‍ മുറുകി. ബിജെപി, ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാര്‍ നയിക്കുന്ന എന്‍സിപി എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപി 160 സീറ്റില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്‍സിപി 60 മുതല്‍ 80 സീറ്റ് വരെ. ശിവസേന ഷിന്‍ഡെ വിഭാഗം 100 ലേറെ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത്ഷാ അടുത്തിടെ മുംബൈയില്‍ എത്തിയപ്പോള്‍, സേന നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
പിളരും മുമ്പേയുള്ള ശിവസേനയുടെ മുന്‍കാല പ്രകടനവും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും വിലയിരുത്തിയാണ് ഷായ്ക്ക് മുമ്പില്‍ ഷിന്‍ഡെ അവകാശവാദം ഉന്നയിച്ചത്. ' മറാത്തി, ഹിന്ദുത്വ വോട്ടുകള്‍ ഞങ്ങള്‍ നിലനിര്‍ത്തി. ശിവസേന ഉദ്ധവ് വിഭാഗത്തിന് സ്വന്തം നിലയ്ക്ക് അധികം വോട്ടുകിട്ടിയില്ല. മറിച്ച് ഇന്ത്യ സഖ്യത്തിലെ തന്ത്രപരമായി വോട്ടിങ് രീതി കൊണ്ടാണ് വോട്ടുകിട്ടിയത്. ഞങ്ങള്‍ക്ക് 100 ലേറെ സീറ്റ് കിട്ടിയാല്‍ മാത്രമേ ശിവസേന ഉദ്ധവ് വിഭാഗത്തിനെ നേരിടാനും മഹാ വികാസ് അഗാഡി സഖ്യത്തെ തോല്‍പ്പിക്കാനും കഴിയുകയുള്ളു', ഒരു ഷിന്‍ഡെ വിഭാഗം നേതാവ് പറഞ്ഞു
സീറ്റ് പങ്കിടല്‍ ഫോര്‍മുല ഈ മാസം തന്നെ അന്തിമമായി നിശ്ചയിച്ചേക്കും. സേനയ്ക്ക് 80 മുതല്‍ 90 വരെയും എന്‍സിപിക്ക് 50 മുതല്‍ 60 വരെയും സീറ്റ് കിട്ടാനാണ് സാധ്യത. മൊത്തം 288 സീറ്റുകളാണ് ഉള്ളത്.
.'
ലോകസഭാ തിരഞ്ഞെടുപ്പിലെ പോലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകരുതെന്നും അമിത്ഷായെ ശിവസേന നേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്. ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വന്ന കാലതാമസം, പ്രചാരണത്തെയും ചില സീറ്റുകളിലെ പ്രകടനത്തെയും ബാധിച്ചെന്നാണ് പരാതി.
ഓരോ പാര്‍ട്ടിക്കുമുള്ള സീറ്റ് നിശ്ചയിച്ചാല്‍, ജയം നോക്കി മണ്ഡലങ്ങള്‍ കൈമാറുന്ന കാര്യം തീരുമാനിക്കാം. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏകദേശം 160 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 105 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറി തരംഗമൊന്നും കാണാനില്ല. അതുകൊണ്ട് ഓരോ സീറ്റിലും കടുത്ത പോരാട്ടമായിരിക്കും. ഇക്കുറിയും ബിജെപി 150 ലേറെ സീറ്റുകളില്‍ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സഖ്യകക്ഷിക്കും ന്യായമായ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തങ്ങളെ വേണ്ട വിധം മാനിക്കുന്നില്ലെന്ന് തോന്നിയാല്‍ എന്‍സിപി എം വി എയിലേക്ക് മറുകണ്ടം ചാടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
കോണ്‍ഗ്രസ്, ശിവസേന( ഉദ്ധവ് താക്കറെ പക്ഷം), ശരദ് പവാറിന്റെ എന്‍സിപി എന്നീ കക്ഷികള്‍ അടങ്ങിയതാണ് പ്രതിപക്ഷമായ മഹാ വികാസ് അഗാഡി സഖ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റില്‍, 30 ലും ജയിച്ച് അഗാഡി സഖ്യം കരുത്ത് കാട്ടിയിരുന്നു. മഹായുതിക്ക് 17 സീറ്റ് മാത്രമാണ് കിട്ടിയത്.