'ഞാനൊരു ഹിന്ദുവാണ്, അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ബി.ജെ.പി സംസ്ഥാനത്തേക്ക് 'വ്യാജ ഹിന്ദുമതം' ഇറക്കുമതി ചെയ്യുന്നു; വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്ലിം സമുദായത്തെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മമത ബാനര്‍ജി

'ഞാനൊരു ഹിന്ദുവാണ്, അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

Update: 2025-03-12 15:09 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബി.ജെ.പി നിയമസഭാംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്‌പോര്. താനൊരു ഹിന്ദുവാണ്, അതിന് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മമത പറഞ്ഞു. മുസ്ലിം എം.എല്‍.എമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെയാണ് മമത ആഞ്ഞടിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്നും പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ടി.എം.സിയിലെ മുസ്ലിം എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമര്‍ശം.

മുസ്ലിങ്ങള്‍ വിജയിച്ചാല്‍ നിങ്ങള്‍ അവരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് എങ്ങനെ പറയാന്‍ കഴിയും? ജനസംഖ്യയുടെ 33 ശതമാനം പേരെ എങ്ങനെയാണ് അവര്‍ക്ക് പിരിച്ചുവിടാന്‍ കഴിയുക? മതത്തിന്റെ പേരില്‍ ആളുകളെ വിഭജിക്കുന്നതിനോട് ശക്തമായി എതിര്‍ക്കുന്നുവെന്നും മമത വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാനത്തേക്ക് 'വ്യാജ ഹിന്ദുമതം' ഇറക്കുമതി ചെയ്യുന്നുവെന്ന് മമത ആരോപിച്ചു.വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്ലിം സമുദായത്തെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മമത കൂട്ടിച്ചേര്‍ത്തു. 'വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നതിലൂടെ സാമ്പത്തിക, വ്യാപാര തകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഞാനൊരു ഹിന്ദുവാണ്, അതിന് എനിക്ക് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല'- മമത വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യം പരമാധികാരം, മതേതരത്വം, ബഹുസ്വരത എന്നിവയില്‍ അതിഷ്ഠിതമാണെന്നും രാജ്യത്തെ പൗരന്മാര്‍ക്ക് അവരവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി. മമതയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും സഭയില്‍ ബഹളമുണ്ടാക്കി.

Tags:    

Similar News