'വികസനവും സദ്ഭരണവും വിജയിച്ചു', ചരിത്രജയത്തിന് ഡല്‍ഹിക്ക് സല്യൂട്ടെന്ന് നരേന്ദ്ര മോദി; അഴിമതിയുടെ ചില്ലുകൊട്ടാരം തകര്‍ന്നുവീണെന്ന് അമിത് ഷായും
'വികസനവും സദ്ഭരണവും വിജയിച്ചു',
ന്യൂഡല്‍ഹി: 'വികസനവും സദ് ഭരണവും വിജയിച്ചു' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അനുമോദിച്ചു കൊണ്ടാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി.
'ബിജെപിക്ക് ചരിത്രപരമായ വിജയം നല്‍കിയതിന് എല്ലാ സഹോദരീസഹോദരന്മാര്‍ക്കും എന്റെ സല്യൂട്ട്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു. ഡല്‍ഹിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനും, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഒരു അവസരം പോലും പാഴാക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.' മോദി കുറിച്ചു.
'ഈ വമ്പന്‍ വിജയത്തിനായി രാവും പകലും പ്രവര്‍ത്തിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരിലും ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇനി ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശക്തമായി സമര്‍പ്പിതരാകും,' പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
അതേസമയം, ഡല്‍ഹിയില്‍ അഴിമതിയുടെ ചില്ലുകൊട്ടാരം തകര്‍ന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണ്. ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്‌നിച്ചു. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമാണ്'. - അമിത് ഷാ പറഞ്ഞു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് എഎപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജരിവാള്‍ പറഞ്ഞു.