'ഖാഇദേ മില്ലത്ത് സെന്റര്‍' മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം; പാര്‍ട്ടി രൂപീകരിച്ച് എഴുപത്തിയെട്ടാം വര്‍ഷത്തില്‍ രാജ്യതലസ്ഥാനത്ത് മേല്‍വിലാസം; ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ പങ്കെടുക്കും

'ഖാഇദേ മില്ലത്ത് സെന്റര്‍' മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം

Update: 2025-08-24 05:07 GMT

ന്യൂഡല്‍ഹി: മുസ്ലീംലീഗിന് രാജ്യതലസ്ഥാനത്ത് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. 30 കോടി ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം, 'ഖാഇദേ മില്ലത്ത് സെന്റര്‍' എന്നാകും അറിയപ്പെടുക. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഇന്ത്യ സഖ്യം നേതാക്കളടക്കം പങ്കെടുക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഹാളില്‍ വൈകിട്ട് നാലിനാണ് ചടങ്ങ്.

അഞ്ച് നിലകളിലായിട്ടാണ് ഖാഇദേ മില്ലത്ത് സെന്‍ര്‍ ഡല്‍ഹി ദരിയാഗഞ്ചില്‍ പണികഴിപ്പിച്ചുള്ളത്. നിര്‍മാണം രാജസ്ഥാനില്‍ നിന്നുള്ള ചുവന്ന കല്ലുകള്‍ ഉപയോഗിച്ച്. മൂന്നു വശങ്ങളുള്ള ലന്റിക്കുലാര്‍ ഫസാര്‍ഡാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. 10 സെക്കന്‍ഡില്‍ ഒരിക്കല്‍ ചലിക്കുന്ന ഫസാഡില്‍ ദേശീയ പതാക , മുസ്ലിംലീഗിന്റെ പാര്‍ട്ടി പതാക, ഓഫീസ് അഡ്രസ് എന്നിവ തെളിഞ്ഞു കാണാം. ഇതിനുപുറമേ യോഗങ്ങളും മറ്റും പരിപാടികളും നടത്തുന്നതിനുള്ള ചെറുതും വലുതുമായ നിരവധി ഹാളുകളും കെട്ടിടത്തിലുണ്ട്. സമുച്ചയത്തില്‍ ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിംഗ് ഹാളുകള്‍, ഡിജിറ്റല്‍ സ്‌ക്രീനോടു കൂടിയ കോണ്‍ഫ്രന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡൈനിങ് ഏരിയ, പ്രാര്‍ത്ഥനാ മുറി, ലൈബ്രറി എന്നിവയുണ്ട്.

പാര്‍ട്ടി രൂപീകരിച്ച് 78ആം വര്‍ഷത്തില്‍ ദേശീയ ആസ്ഥാനം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറുമ്പോള്‍ ലീഗിന്റെ മനസില്‍ ഉളളത് വലിയ ലക്ഷ്യങ്ങളാണ്. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച 28 കോടിയോളം ചെലവിട്ടാണ് നിര്‍മ്മാണം. കേരളത്തിനും തമിഴ്‌നാട്ടിനും പുറത്തേക്ക് പാര്‍ട്ടിയുടെ പ്രാതിനിധ്യം വളര്‍ത്തുക. കരുത്ത് കൂട്ടുന്ന ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളില്‍ ഒന്നാവുക.ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം മുസ്ലിം ലീഗിന്റെ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ നിയമസഹായ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശ്രമം.

Tags:    

Similar News