'മൊഗംബോ ഖുഷ് ഹുവാ...!' 'മോദി തലയാട്ടുമ്പോള്‍ ട്രംപിന് സന്തോഷമാകുന്നു; ട്രംപിന്റെ കണ്‍ട്രോളിലാണ് മോദി; അമരീഷ് പുരിയുടെ ഡയലോഗ് പരാമര്‍ശിച്ച് മോദിക്കെതിരെ പരിഹാസവുമായി ഖര്‍ഗെ; നമ്മുടെ പ്രധാനമന്ത്രിയേയും ട്രംപ് തട്ടിക്കൊണ്ടു പോകുമോയെന്ന് പൃഥ്വിരാജ് ചവാന്‍

Update: 2026-01-06 12:42 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഓരോ ഭീഷണി മുഴക്കുമ്പോഴും പ്രതികരിക്കാതെ മൗനംതുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതൃത്വം. ട്രംപിന് മുന്നില്‍ മോദി രാജ്യതാല്‍പ്പര്യങ്ങള്‍ മറക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ''മോദി തലയാട്ടുമ്പോള്‍ ട്രംപിന് സന്തോഷമാകുന്നു. ട്രംപിന്റെ കണ്‍ട്രോളിലാണ് മോദി. ഇത് കാണുമ്പോള്‍ എനിക്കൊരു ഡയലോഗാണ് ഓര്‍മവരുന്നത്. മൊഗംബോ ഖുഷ് ഹുവാ.. മൊഗംബോയ്ക്ക് സന്തോഷമായി'' - ഖര്‍ഗെ പറഞ്ഞു. ട്രംപ് പറയുന്നത് കേട്ട് തലയാട്ടാനല്ല നരേന്ദ്ര മോദിയെ ജനങ്ങള്‍ പ്രധാനമന്ത്രി ആക്കിയതെന്ന് ഖര്‍ഗെ പറഞ്ഞു. അനില്‍ കപുര്‍, ശ്രീദേവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'മിസ്റ്റര്‍ ഇന്ത്യ' എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ചലച്ചിത്രത്തില്‍ വില്ലന്‍ വേഷം അതിഗംഭീരമാക്കിയ അമരീഷ് പുരിയുടെ പ്രശസ്തമായ ഡയലോഗ് 'മൊഗംബോ ഖുഷ് ഹുവാ' പരാമര്‍ശിച്ചായിരുന്നു മോദിയെ പരിഹസിച്ചത്.

ട്രംപിനെ പോലുള്ളവരുടെ നിലപാടിന് മുന്നില്‍ ഇന്ത്യ ഒരിക്കലും കീഴടങ്ങില്ല. എന്നാല്‍, ട്രംപിന് മുന്നില്‍ മോദി അടിയറവ് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത് രാജ്യത്തിന് ഭീഷണിയാണ്. മോദി രാജ്യതാല്‍പര്യത്തിന് വേണ്ടി നില്‍ക്കണം. ട്രംപ് പറയുന്നതെല്ലാം അനുസരിക്കുകയാണ് മോദിയുടെ രീതി. ഇതിന് വേണ്ടിയല്ല രാജ്യം നിങ്ങളെ പ്രധാനമന്ത്രി ആക്കിയതെന്നും ഖര്‍ഗെ പറഞ്ഞു.

ഇന്ത്യ ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ''ഞാന്‍ ഹാപ്പി അല്ലെന്ന് മോദിക്ക് അറിയാം. എന്നെ ഹാപ്പിയാക്കേണ്ടത് അനിവാര്യമാണെന്നും മോദിക്ക് അറിയാം'' - എന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചെന്നും തീരുവഭാരം കുറയ്ക്കാന്‍ ട്രംപിനോട് പറയണമെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ അഭ്യര്‍ഥിച്ചതായി ട്രംപ് അനുകൂലിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാമും വെളിപ്പെടുത്തിയിരുന്നു.

വെനസ്വേലയില്‍ നടന്നത് ലോകത്തിന് ഭൂഷണമല്ല. ലോകജനതയെയാകെ ഭയപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. സാമ്രാജ്യം വലുതാക്കാന്‍ ശ്രമിച്ചവര്‍ക്കൊന്നും അധികകാലം നിലനില്‍പ്പുണ്ടായിട്ടില്ല. ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ പഴയകഥയാണെന്ന് ഖര്‍ഗെ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദത്തിനെതിരെയും ഖര്‍ഗെ ആഞ്ഞടിച്ചു. 70 തവണയാണ് ട്രംപ് ആ അവകാശവാദം ഉന്നയിച്ചത്. എന്താണ് ട്രംപ് ഉദ്ദേശിക്കുന്നത്? ലോകം അദ്ദേഹത്തിന്റെ മുന്‍പില്‍ അനുസരിച്ച് നില്‍ക്കണമെന്നാണോ? അതിന് ലോകത്തെ കിട്ടില്ലെന്നും ഖര്‍ഗെ പറഞ്ഞു. ഇക്കാര്യങ്ങളില്‍ മോദി മിണ്ടാത്തതെന്താണെന്നും ഖര്‍ഗെ ചോദിച്ചു.

ഇതിന് പിന്നാലെ മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും രംഗത്ത് വന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും വ്യാപാര ബന്ധത്തിലുണ്ടായ വിള്ളലുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ സംഭവം സൂചിപ്പിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് ചവാന്‍ ചോദിച്ചു. മോദി സര്‍ക്കാര്‍ അമേരിക്കന്‍ തീരുമാനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുകയാണെന്നും ഇന്ത്യയുടെ നിര്‍ണായകമായ കാര്യങ്ങളില്‍ ട്രംപ് തീരുമാനങ്ങള്‍ എടുക്കുകയാണെന്നും ചവാന്‍ വിമര്‍ശിച്ചു.

അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതിവര്‍ധന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ചവാന്‍ ചൂണ്ടിക്കാട്ടി. ഇത്രയും ഉയര്‍ന്ന നികുതി നിലനില്‍ക്കെ വ്യാപാരം അസാധ്യമാണെന്നും ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ നികുതി വര്‍ധനവ് ട്രംപ് ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിന്റെ ഫലമായി മുന്‍പ് ലഭിച്ചിരുന്ന ലാഭം ഇല്ലാതാകുമെന്നും ഇന്ത്യയ്ക്ക് മറ്റ് വിപണികള്‍ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പ്രധാനമന്ത്രിയെ ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന ചവാന്റെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. ആണവ ശക്തിയായ ഇന്ത്യയെക്കുറിച്ച് ഇത്തരമൊരു ചോദ്യം ഉന്നയിച്ച ചവാന് മസ്തിഷ്‌ക മരണം ഭവിച്ചിരിക്കുകയാണെന്നും വിവരക്കേടാണ് അദ്ദേഹം പറയുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.

മുന്‍ ജമ്മുകശ്മീര്‍ ഡിജിപി എസ്.പി. വൈദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചവാന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നു. രാജ്യത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്നും ഇതാണോ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഗൗരവകരമായ വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി വിവേകം കാണിക്കണമെന്നും ചവാനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം, അമേരിക്കയുടെ താരിഫ് വര്‍ധനവ് നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 22.61 ശതമാനം വര്‍ധിച്ച് 6.98 ബില്യണ്‍ ഡോളറിലെത്തി. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ 11.38 ശതമാനവും ഇറക്കുമതിയില്‍ 13.49 ശതമാനവും വര്‍ധനവ് ഉണ്ടായതായും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News