വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ശശി തരൂരിന് ക്ഷണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെക്കും ക്ഷണമില്ല; വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ വിരുന്നിലേക്ക് ക്ഷണിച്ചത് മോദി പ്രകീര്‍ത്തനം തുടരവേ; കോണ്‍ഗ്രസുമായി അകലം കൂട്ടി തരൂര്‍

വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ശശി തരൂരിന് ക്ഷണം

Update: 2025-12-05 14:21 GMT

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് നല്‍കുന്ന സംസ്ഥാന വിരുന്നില്‍ ശശി തരൂരിന് ക്ഷണമെന്ന് റിപ്പോര്‍ട്ട്. മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത സമയത്താണ് പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന് ലഭിച്ചിരിക്കുന്നത്. അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ക്ഷണം ലഭിക്കാത്തത് ചര്‍ച്ചയാകുന്നു. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്ന തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചതും, പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നു എന്ന് പറഞ്ഞ് ബിജെപി അനുകൂല നിലപാടുമായി തരൂര്‍ കഴിഞ്ഞ ദിവസവും

രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമായ ഇന്ത്യ കൂട്ടായ്മയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തരൂര്‍ ബിജെപി അനുകൂല നിലപാടെടുത്തത്. വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയിലുള്ള മര്യാദയുടെ ഭാഗമായാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് തരൂര്‍ പറയുന്നു. എന്നാല്‍, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനോ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനോ ക്ഷണമില്ലാത്തതിനെക്കുറിച്ച് തനിക്ക് 'അറിയില്ല' എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

അദ്ദേഹവും പാര്‍ട്ടിയുമായുള്ള അകല്‍ച്ച വര്‍ദ്ധിച്ചുവരികയാണ്. ഏപ്രില്‍ 22-ലെ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനെ പ്രശംസിച്ചതും, കുടുംബവാഴ്ചയുള്ള പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലേഖനം എഴുതിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തരൂരിനെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണ് കുറച്ച് നാളുകളായി. പ്രതിപക്ഷ നേതാക്കളെ വിദേശ രാഷ്ട്രത്തലവന്‍മാര്‍ കാണുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിസമ്മതിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ്, പാര്‍ട്ടിക്കുള്ളിലെ വിമത സ്വരമായ തരൂരിന് മാത്രം വിരുന്നിലേക്ക് ക്ഷണം ലഭിക്കുന്നത് എന്നതും ചര്‍ച്ചയാണ്.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്ട്രതലവന്മാര്‍ സാധാരണയായി പ്രതിപക്ഷ നേതാക്കളെയും കാണാറുണ്ടെന്ന വാദം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നു. വിദേശ അതിഥികള്‍ക്ക് അതിന് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ അതിനുള്ള ക്രമീകരണം ഉണ്ടാകൂ എന്നതാണ് ഔദ്യോഗിക നിലപാട്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയിയുടേയും മന്‍മോഹന്‍ സിംഗിന്റേയും കാലത്ത് ചില സന്ദര്‍ശകര്‍ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു.

അതേസമയം രാഹുലിനെ പരിഹസിച്ചു കൊണ്ടും ബിജെപി രംഗത്തുവരുന്നുണ്ട്. പുതിയ ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണം, പുതിയ ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ, പ്രധാനമന്ത്രി മോദിയുടെ മൂന്നാം സത്യപ്രതിജ്ഞ, ഭാരത് രത്നപദ്മ പുരസ്‌കാര വിതരണം, ഓഗസ്റ്റ് 15ലെ ചെങ്കോട്ട പരേഡ് എന്നിവയടക്കമുള്ള നിരവധി ദേശീയ ചടങ്ങുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും പങ്കെടുത്തിട്ടില്ല.. രാജ്യത്തിന്റെ ഉന്നതിയെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ഈ ചടങ്ങുകളില്‍ പങ്കെടുപ്പില്‍ നിന്ന് നിരന്തരം വിട്ടുനിന്നിട്ടും, വിദേശത്തു പോയി ഇന്ത്യയെ വിമര്‍ശിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പതിവ് പ്രവര്‍ത്തനശൈലിയെന്ന് ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍ വിദേശകാര്യ സെക്രട്ടറിയും ബിജെപി രാജ്യസഭാ എംപിയുമായ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല രംഗത്തുവന്നു. ഇത്തരം രാഷ്ട്രതലവന്‍മാരുടെ സന്ദര്‍ശനങ്ങള്‍ക്ക് വലിയ സമയപരിമിതിയുണ്ടെന്നും, പ്രതിപക്ഷ നേതാവിനെ കാണണമെന്ന് നിര്‍ബന്ധിക്കുന്ന പ്രോട്ടോക്കോള്‍ ഒന്നുമില്ലെന്നും. അതിഥിയുടെ ഷെഡ്യൂളും താല്‍പര്യവും അനുസരിച്ചാണ് മറ്റു കൂടിക്കാഴ്ചകള്‍ തീരുമാനിക്കപ്പെടുന്നതെന്നും, പ്രധാനമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായുമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News