'കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം'; ഇന്‍ഡോര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിഷേധാത്മക സമീപനം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് സൈനികര്‍ക്കും വനിതാ സുഹൃത്തുക്കള്‍ക്കും നേരെ ആയുധധാരികളായ അക്രമികള്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
സംഭവത്തില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ എക്സിലൂടെയാണ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്. കാവി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം 'ഏതാണ്ട് നിലവിലില്ല' എന്നദ്ദേഹം ആരോപിച്ചു.
'മധ്യപ്രദേശില്‍ രണ്ട് സൈനികര്‍ക്ക് നേരെയുള്ള അക്രമവും അവരുടെ സുഹൃത്തായ സ്ത്രീക്കെതിരെ ഉണ്ടായ ബലാത്സംഗവും സമൂഹത്തെ മുഴുവന്‍ നാണം കെടുത്താന്‍ പര്യാപ്തമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം നിലവിലില്ല - കൂടാതെ, അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ നിഷേധാത്മക സമീപനനം അത്യന്തം ആശങ്കാജനകമാണ്,' ഗാന്ധി എക്സില്‍ എഴുതി.
രാജ്യത്തെ ഭരണത്തിന്റെ സമ്പൂര്‍ണ പരാജയവും സുരക്ഷിതമല്ലാത്ത അന്തരീക്ഷവുമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും സമൂഹവും ഇത്തരം സംഭവങ്ങളില്‍ ലജ്ജിക്കണമെന്നും പറഞ്ഞു. 'ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ ചോദ്യം ചെയ്യാനുള്ള ധൈര്യം കുറ്റവാളികള്‍ക്ക് ലഭിക്കാന്‍ വഴിയൊരുക്കിയത് ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ ഫലമാണ്, ഇത് മൂലം രാജ്യത്ത് നിലനില്‍ക്കുന്ന സുരക്ഷിതമല്ലാത്ത അന്തരീക്ഷം ഇന്ത്യയുടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങള്‍ക്കുമുള്ള നിയന്ത്രണമാണ്, സമൂഹവും സര്‍ക്കാരും ലജ്ജിക്കണം മാത്രമല്ല രാജ്യത്തെ പകുതി ജനസംഖ്യയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിന് നേരെ എത്രനാള്‍ കണ്ണടക്കുമെന്ന കാര്യത്തിദി കുറിച്ചും ചിന്തിക്കണമെന്നും,' ഗാന്ധി തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് മധ്യപ്രദേശില്‍ യുവ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്‍ഡോര്‍ ജില്ലയിലെ ജാം ഗേറ്റിന് സമീപമായിരുന്നു സംഭവം. ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേര്‍ ഇവരെ വളയുകയായിരുന്നു. ട്രെയിനി ഓഫീസര്‍മാരെയും സ്ത്രീകളെയും ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഫീസര്‍ തന്റെ യൂണിറ്റിലേക്ക് മടങ്ങി കമാന്‍ഡിംഗ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസിനെക്കണ്ട് അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലെ നാല് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.