അര്‍ദ്ധരാത്രിയിലെ നിയമനം അനാദരവും മര്യാദയില്ലാത്തും; നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ പാടില്ല; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അര്‍ദ്ധരാത്രിയില്‍ നിയമിച്ച തീരുമാനത്തില്‍ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. തന്റെ വിയോജിപ്പ് മറികടന്ന് ഗ്യാനേഷ് കുമാറിനെ സിഇസി ആയി നിയമിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ കുറിപ്പിറക്കിയത്. ചീഫ് ജസ്റ്റിസിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷമുളള നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
അംബേദ്ക്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വിയോജനക്കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്നു പുറത്താക്കി. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ പറയുന്നു.
അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തന്റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്പോള്‍, പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തിരഞ്ഞെടുക്കാനുള്ള അര്‍ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി പറയുന്നു.