നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര്‍ സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്‍
രാഹുല്‍ ഗാന്ധി 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പൂഞ്ചിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട 22 കുട്ടികളുടെ ബിരുദ വിദ്യാഭ്യാസം വരെയുള്ള ചെലവാണ് ഏറ്റെടുക്കുന്നത്.
കുട്ടികള്‍ക്ക് തടസ്സമില്ലാതെ പഠനം തുടരാന്‍ ആദ്യഗഡു ഈയാഴ്ച നല്‍കുമെന്ന് ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ താരിഖ് ഹമീദ് കാറ അറിയിച്ചു. മെയില്‍ പൂഞ്ച് ജില്ലയിലെത്തിയ രാഹുല്‍ പാക് ഷെല്ലിങ് ബാധിച്ച കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് സര്‍വേ നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. തന്റെ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ശേഷം കുടുതല്‍ കുട്ടികളുടെ പേരുകള്‍ ചേര്‍ക്കുമെന്നും താരിഖ് ഹമീദ് കാറ പറഞ്ഞു. പാക് ഷെല്ലിങ്ങിലും ഡ്രോണ്‍ ആക്രമണത്തിലും പൂഞ്ചില്‍ മാത്രം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
2012-ല്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരനെയും രാഹുല്‍ ഗാന്ധി സഹായിച്ചിരുന്നു. ഇപ്പോള്‍ പൈലറ്റായി ജോലി ചെയ്യുകയാണ് അദ്ദേഹം. കുടുംബം ഈ വാര്‍ത്ത പുറത്തു പറഞ്ഞതോടെയാണ് എല്ലാവരും അറിഞ്ഞത്.
പൂഞ്ചില്‍ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നത് നല്ല കാര്യമെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രാഹുലിനെ വെറുതെ വിടാന്‍ തയ്യാറല്ല. ' വയനാട്ടില്‍ വീടുകള്‍ ഒന്നും നിര്‍മ്മിച്ചുകൊടുത്തില്ല. ഇപ്പോള്‍, പൂഞ്ചില്‍ 22 കുട്ടികളെ ഏറ്റെടുക്കുന്നു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം തലക്കെട്ടിന് വേണ്ടിയാണ്, ഗൃഹപാഠം ചെയ്യില്ല'-ഒരു വിമര്‍ശനം ഇങ്ങനെ. ' 100 വീടുകള്‍ എന്ന വ്യാജ വാഗ്ദാനം മുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്ന പി ആര്‍ വരെ, നാടകം നിര്‍ത്തു. സേവനം ചെയ്യു. 26 കുടുംബങ്ങളുടെ കാര്യമോ? പഹല്‍ഗാം കൂട്ടക്കുരുതിയെ സൂചിപ്പിച്ച് മറ്റൊരാള്‍ കുറിച്ചു.
അതേസമയം, രാഹുലിന്റേത് യഥാര്‍ഥ നേതൃശേഷിയാണെന്ന് ചിലര്‍ പ്രശംസിച്ചു. രാജ്യത്തിന്റെ അടിയന്തരാവശ്യങ്ങളേക്കാള്‍ ബിജെപിക്ക് ക്രിക്കറ്റ് വൈരത്തിലാണ് ശ്രദ്ധ എന്നാണ് മറ്റൊരു കമന്റ്. നിര്‍ഭയയുടെ സഹോദരനെ സഹായിച്ചതിനൊപ്പം ഇപ്പോള്‍ 22 കുട്ടികളെ ഏറ്റെടുത്ത രാഹുല്‍ ഹൃദയമുളള നേതാവാണെന്ന് തെളിയിച്ചിരിക്കുന്നു. പോസിറ്റീവ് കമന്റുകള്‍ ഇങ്ങനെ.