കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ; രശ്മികക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കത്ത്; നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും പരാതി

കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ

Update: 2025-03-10 11:09 GMT

ബെംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ നടിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും കത്തുന്നു. കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന നടി പറഞ്ഞെന്നും പറഞ്ഞ് ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ രംഗത്തുവന്നതോടെയാണ് വിവാദം കത്തിയത്. ഇതോടെ നടിക്ക് പിന്തുണയുമായി മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരും രംഗത്തുവന്നു. നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍ രംഗത്തു വന്നു. നടിക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരയ്ക്കും സിഎന്‍സി കത്തയച്ചിരിക്കുകയാണ്.

നടിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണം, എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണ്, നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും കൗണ്‍സില്‍ പ്രസിഡന്റ് എന്‍.യു.നാച്ചപ്പയുടെ കത്തില്‍ പറയുന്നു. കര്‍ണാടകയിലെ കുടക് സ്വദേശിയായ രശ്മിക കൊടവ സമുദായത്തില്‍ നിന്നുള്ളതാണ്. നടിയെ അനാവശ്യ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ഗാനിഗ, കന്നഡ ചലച്ചിത്ര വ്യവസായത്തെ രശ്മിക അവഗണിച്ചുവെന്നും ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നും ആരോപിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

2010-ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നിരവധി തവണ ക്ഷണിച്ചിട്ടും നടി കര്‍ണാടക സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചുവെന്നും, സമയമില്ലെന്നും അവരുടെ വീട് ഹൈദരാബാദിലാണെന്നും പറഞ്ഞതായും ഗാനിഗ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രവികുമാര്‍ ഗൗഡ രശ്മികക്കെതിരെ രംഗത്ത് വരുന്നത്.

'കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെ സിനിമയിലെത്തിയ രശ്മിക മന്ദാനയെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു. 'എന്റെ വീട് ഹൈദരാബാദിലാണ്. കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല.' എന്നാണ് രശ്മിക പറഞ്ഞത്. പത്തോ പന്ത്രണ്ടോ തവണയാണ് ഞങ്ങളുടെ ഒരു എംഎല്‍എ അവരെ ക്ഷണിക്കാനായി വീട്ടില്‍ പോയത്. എന്നാല്‍ അവര്‍ അതെല്ലാം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ടുപോലും അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടേ?' -കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാര്‍ ഗൗഡ പറഞ്ഞു.

രശ്മികയുടെ ഈ പെരുമാറ്റത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. രശ്മിക കുടക് സ്വദേശിയാണെന്നും അടിസ്ഥാനപരമായി കന്നഡിഗയാണെന്നും എന്നാല്‍ ഇപ്പോള്‍ സ്വയം വിശേഷിപ്പിക്കുന്നത് താന്‍ തെലുഗ് ആണെന്നും ആന്ധ്രാപ്രദേശിന്റെ മകളാണെന്നുമാണെന്ന് കര്‍ണാടക സംരക്ഷണ വേദികെ കണ്‍വീനര്‍ ടി.എ നാരായണ ഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് കന്നഡ ചലച്ചിത്ര താരങ്ങള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News