കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും മൂന്നാമതും 'മുങ്ങി' ശശി തരൂര്‍; രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു; നരേന്ദ്ര മോദി സ്തുതിയുടെ പേരില്‍ കേന്ദ്ര നേതൃത്വവുമായി ഉടക്കി നില്‍ക്കവേ വീണ്ടും മുങ്ങല്‍; യോഗത്തില്‍ പങ്കെടുക്കാതെ മനീഷ് തിവാരിയും
രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഉടക്കി നില്‍ക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം തവണയും വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് പരക്കെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് യോഗത്തിലെ ശശി തരൂരിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തയാഴ്ച, ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് യോഗം സംഘടിപ്പിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്, കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ യോഗം നടന്നത്. തരൂര്‍ മാത്രമല്ല, ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും യോഗത്തില്‍ പങ്കെടുത്തില്ല.
ഇന്ന് 'എക്സി'ല്‍ പങ്കുവെച്ച പോസ്റ്റലൂടെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് എന്നാണ് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാഴ്ചയായി നടന്നുവരുന്ന യോഗത്തില്‍നിന്ന് ഇത് മൂന്നാം തവണയാണ് തരൂര്‍ വിട്ടുനില്‍ക്കുന്നത്. നവംബറിലായിരുന്നു ആദ്യ രണ്ട് യോഗങ്ങളും നടന്നത്. ഇവയില്‍നിന്നു വിവിധ കാരണങ്ങള്‍ പറഞ്ഞ് തരൂര്‍ ഒഴിഞ്ഞ് നില്‍ക്കുകായിരുന്നു. ആദ്യത്തെ തവണ യോഗത്തില്‍നിന്ന് ഒഴിവായതിന്, ആ സമയം വിമാനത്തിലായിരുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി.
അന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.സി. വേണുഗോപാലും യോഗത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. രണ്ടാമത്തെ തവണ, നവംബര്‍ 18-ന് നടന്ന യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് ആരോഗ്യകരമായ കാരണങ്ങളാണ് തരൂര്‍ നിരത്തിയത്. അതേസമയം, അതിന് ഒരു ദിവസം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ തരൂര്‍ പങ്കെടുത്തിരുന്നു എന്നതാണ് രസകരമായ വസ്തുത. അന്നത്തെ, മോദിയുടെ പ്രസംഗത്തെ പ്രശംസിച്ച് തരൂര്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രധാനമന്ത്രിയെ ഇത്രയധികം ആകര്‍ഷകമായി തോന്നുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് വിട്ട് തരൂര്‍ ബിജെപിയില്‍ ചേരണമെന്ന് പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അവസാനമായി തരൂര്‍ പങ്കെടുത്ത പാര്‍ട്ടി യോഗം ഒക്ടോബറിലായിരുന്നു എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.