കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നു; അവര്‍ പാര്‍ട്ടിക്ക് പുറത്തെന്ന് രാഹുല്‍; തങ്ങളുടെ 'ഏറ്റവും വലിയ സമ്പാദ്യം' രാഹുലെന്ന് ബിജെപി

Update: 2025-03-09 05:16 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇങ്ങനെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്തു. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കും. എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രണ്ട് തരം ആളുകളുണ്ട്. ഒന്ന് ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരുമാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ്. ജനങ്ങളില്‍ നിന്ന് അകന്നുപോയ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുന്നില്ല. അവരില്‍ പകുതിയും ബിജെപിക്കൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശം ഗുജറാത്തില്‍ സ്വന്തം പാര്‍ട്ടിയെ ട്രോളുന്ന വിധത്തിലുള്ളതാണ്. ബിജെപിയുടെ 'ഏറ്റവും വലിയ സമ്പാദ്യ'മാണ് രാഹുലെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയെ ക്രൂരമായി ട്രോളുകയും സ്വയം വെളിവാക്കുകയും ചെയ്തു. എത്ര സത്യസന്ധമായ പ്രതികരണം. ഗുജറാത്തില്‍ വിജയിക്കാനാകില്ലെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് ഒരു കലയാണെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു കലാകാരനാണ്.

തൊണ്ണൂറില്‍പരം തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഹുല്‍ ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News