സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും; അജിത് ദാദയുടെ വിടവ് നികത്താന്‍ ഭാര്യ തന്നെ വരുന്നു; ശനിയാഴ്ച വൈകിട്ട് 5-ന് സത്യപ്രതിജ്ഞ; ധനവകുപ്പ് തല്‍ക്കാലം കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി ഫഡ്‌നാവിസ്; വിമാനാപകടത്തിന്റെ നടുക്കത്തിനിടയിലും മഹാരാഷ്ട്രയില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും

Update: 2026-01-30 16:26 GMT

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, ഭരണതലത്തിലും എന്‍സിപിയിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു. അജിത് പവാര്‍ ബാരാമതിയിലെ മണ്ണില്‍ ലയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ പകരക്കാരിയായി പത്‌നി സുനേത്ര പവാര്‍ അധികാരമേല്‍ക്കുകയാണ്.

അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത നികത്താന്‍ സുനേത്ര പവാര്‍ തന്നെ വരണമെന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു. ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രി ഫഡ്‌നാവിസുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ നിശ്ചയിച്ചു. പവാര്‍ കുടുംബത്തിനുള്ളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുനേത്ര ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത്.

ഉപമുഖ്യമന്ത്രി പദത്തോടൊപ്പം സുനേത്ര പവാര്‍ എക്‌സൈസ്, കായിക വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന നിര്‍ണ്ണായകമായ ധനകാര്യ വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി ഫഡ്‌നാവിസ് ഏറ്റെടുക്കും. മാര്‍ച്ച് മാസത്തിലെ ബജറ്റ് അവതരണത്തിന് ശേഷം ഈ വകുപ്പ് എന്‍സിപിക്ക് തന്നെ തിരികെ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 7-ന് നടക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പാണ് ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണം. അജിത് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലും പൂനെയിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ സുനേത്രയുടെ നേതൃത്വം അനിവാര്യമാണെന്ന് എന്‍സിപി കണക്കുകൂട്ടുന്നു.

ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിലുണ്ടായ ദാരുണമായ വിമാനാപകടമാണ് അജിത് പവാറിന്റെ ജീവന്‍ കവര്‍ന്നത്. ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, രണ്ട് പൈലറ്റുമാര്‍ എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു. അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാര്‍ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അവസാന യാത്രമൊഴിയേകിയിരുന്നു.

Tags:    

Similar News